---
title: "തളിപ്പറമ്പിൽ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കരിമ്പം സ്വദേശിയിൽ നിന്ന് 67 ലക്ഷം തട്ടിയെടുത്തു, ഏഴ് പേർക്കെതിരെ കേസ്"
english_title: "Taliparamba Online Trading Scam 67 Lakh Fraud Case Against Seven Accused"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380225/taliparamba-online-trading-scam-67-lakh-fraud-case"
published_at: "2026-08-28T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a915455a747a_1000814536.jpg"
keywords: ["Taliparamba News", "Kannur Cyber Fraud", "Online Trading Scam"]
---

# തളിപ്പറമ്പിൽ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കരിമ്പം സ്വദേശിയിൽ നിന്ന് 67 ലക്ഷം തട്ടിയെടുത്തു, ഏഴ് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കരിമ്പം അള്ളാംകുളം സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഏഴ് പേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കരിമ്പം അള്ളാംകുളം സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഏഴ് പേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു.

ആലപ്പുഴയിലെ പൂജ, തിരുവനന്തപുരത്തെ ആദർശ് സന്തോഷ്, ഇംഗ്ലണ്ടിലെ കാവ്യ ശർമ്മ, ഇംഗ്ലണ്ടിലെ നേക്ക സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ രവി സിംഗ്, ഇംഗ്ലണ്ട് സ്റ്റർലിംഗ് ബാങ്കിലെ മാനവ് ശർമ്മ, ബിഹാർ അരാറിയയിലെ കുമാർ മർച്ചന്റ്, കണ്ണൂരിലെ മധുസൂദനൻ എന്നിവരുടെ പേരിലാണ് കേസ്.

കരിമ്പം അള്ളാംകുളത്തെ കുഞ്ഞഹമ്മദിന്റെ മകൻ ഫാത്തിമ മൻസിലിൽ പി.എസ്. അൻവറാണ് (47) തട്ടിപ്പിന് ഇരയായത്. 2025 നവംബർ 14 മുതൽ 2026 ജൂലൈ 30 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

നേക്ക സൊല്യൂഷൻസ് ഓൺലൈൻ ട്രേഡിംഗ് നടത്തി ലാഭമുണ്ടാക്കുന്ന സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിക്കുകയും 80 ലക്ഷം രൂപ ലാഭമുണ്ടാക്കിയതായി ഓൺലൈനിലൂടെ കാണിച്ച് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഈ തുക പിൻവലിക്കുന്നതിന് ടാക്സ്, പെനാൽട്ടി, റീഫണ്ട് എമൗണ്ട്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് തുടങ്ങിയ പേരുകളിൽ പ്രതികൾ ഉപയോഗിച്ചിരുന്ന ഏഴ് വാട്സ്ആപ്പ് നമ്പറുകളിൽ നിന്ന് അൻവറിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് വിളിച്ചും രേഖകൾ അയച്ചും വിശ്വസിപ്പിച്ചു.

ഇവർ നൽകിയ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് 13 തവണകളായി തളിപ്പറമ്പ് എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 67,73,669 രൂപ അയപ്പിച്ചശേഷം കൈപ്പറ്റിയ പണമോ ട്രേഡിംഗിലൂടെ ലഭിച്ച ലാഭവിഹിതമോ നൽകാതെ ചതിക്കുകയായിരുന്നുവെന്നാണ് പരാതി.

തളിപ്പറമ്പ് റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ കെ.സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380225/taliparamba-online-trading-scam-67-lakh-fraud-case)