---
title: "മതസൗഹാർദ്ദത്തിന്റെ മധുരം പകർന്ന് അഞ്ചാംപീടികയിൽ നബിദിന റാലി"
english_title: "Anjampedika Nabi Dinam Rally Religious Harmony Ranjith Reception"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380055/anjampedika-nabi-dinam-rally-religious-harmony"
published_at: "2026-08-26T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ec9ce91dda_1000810718.jpg"
keywords: []
---

# മതസൗഹാർദ്ദത്തിന്റെ മധുരം പകർന്ന് അഞ്ചാംപീടികയിൽ നബിദിന റാലി

> **Lead Summary:** **അഞ്ചാംപീടിക: **നബിദിനാഘോഷങ്ങളുടെ ഭാഗമായി ലജ്നത്തുൽ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ചാംപീടിക മഹല്ലിൽ സംഘടിപ്പിച്ച നബിദിന റാലി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്ന് ശ്രദ്ധേയമായി.

## Article Content

**അഞ്ചാംപീടിക: **നബിദിനാഘോഷങ്ങളുടെ ഭാഗമായി ലജ്നത്തുൽ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ചാംപീടിക മഹല്ലിൽ സംഘടിപ്പിച്ച നബിദിന റാലി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്ന് ശ്രദ്ധേയമായി.

അഞ്ചാംപീടികയിൽ നിന്ന് ആരംഭിച്ച റാലി പാളിയത്ത് വളപ്പ്, കുളിച്ചാൽ, വേണി, അഞ്ചാംപീടിക ടൗൺ, ഒഴക്രോം, മഞ്ഞപ്പീടിക, കോരൻപീടിക തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൊറാഴ സെൻട്രലിലെത്തി. റാലി കടന്നുപോയ വഴികളിൽ വിവിധ കേന്ദ്രങ്ങളിലായി സ്വീകരണങ്ങളും മധുരപലഹാര - പാനീയ വിതരണവും ഒരുക്കിയിരുന്നു.

ജാതി - മത - രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് റാലിയെ സ്വീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ ഒത്തുകൂടിയത്. പരസ്പര സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ച ഈ കൂട്ടായ്മ നബിദിനാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃകയായി സ്വീകരണങ്ങൾ മാറി.

*രഞ്ജിത്തിന്റെ സ്വീകരണം വേറിട്ട കാഴ്ചയായി*

അഞ്ചാംപീടിക ടൗണിൽ ‘ചങ്ങായീസ് കോഴിക്കട’ മീൻകട നടത്തുന്ന രഞ്ജിത്ത് കുന്നിൽ റാലിയിൽ പങ്കെടുത്തവർക്ക് മധുരപാനീയങ്ങൾ നൽകി സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ നാല് വർഷമായി അഞ്ചാംപീടികയിൽ മീൻകട നടത്തിവരുന്ന രഞ്ജിത്ത്, മതഭേദങ്ങൾക്കപ്പുറം സ്നേഹവും സാഹോദര്യവും പങ്കുവെച്ചുകൊണ്ടാണ് നബിദിന റാലിയെ സ്വീകരിച്ചത്.

നിലവിൽ കല്യാശ്ശേരി കപ്പോത്ത് കാവിലെ എംബ്രോൻ കൂടിയായ രഞ്ജിത്തിന്റെ ഈ സ്വീകരണം റാലിയിൽ പങ്കെടുത്തവരുടെ ശ്രദ്ധയാകർഷിച്ചു. നബിദിന സന്ദേശ റാലിക്ക് മുന്നിൽ മധുരപലഹാരങ്ങളുമായി രഞ്ജിത്ത് നിൽക്കുന്ന കാഴ്ച മതസൗഹാർദ്ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും വേറിട്ട സന്ദേശമായി മാറി. മതാഘോഷങ്ങൾ ഓരോ സമൂഹത്തിന്റെയും മാത്രം അല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അഞ്ചാംപീടികയിൽ രഞ്ജിത്ത് നൽകിയ സ്വീകരണം.

മൊറാഴ സെൻട്രലിൽ മഹല്ല് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ ഒരുക്കിയ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് റാലി വീണ്ടും മുന്നോട്ട് നീങ്ങിയത്. തുടർന്ന് റാലി അഞ്ചാംപീടികയിൽ തിരിച്ചെത്തി സമാപിച്ചു.

റാലിക്ക് മഹല്ല് പ്രസിഡന്റ് ടി അബ്ദുൽ സമദ്, സെക്രട്ടറി ആർ പി അബ്ദുള്ളക്കുട്ടി മാഷ്, നബിദിന കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുറഹ്മാൻ ഹാജി, ജോയിന്റ് കൺവീനർ നൗഷാദ് സി, മഹല്ല് ട്രഷറർ സി എച്ച് യൂസഫ് ഹാജി, മഹല്ല് ഖത്തീബ് അബ്ദുൾ സമദ് ബാഖവി, ജലീൽ സഖാഫി, അൻവർ ഫൈസി, മൂസ സഖാഫി, മജീദ് ഹാജി, ഷംസുദ്ധീൻ എം, ജാബിർ മാസ്റ്റർ, ഇമ്രാസ്, ജാബിർ പി, സാജിദ്, ടി റിയാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380055/anjampedika-nabi-dinam-rally-religious-harmony)