---
title: "കളക്ടറുടെ വാഹനത്തിന് മുന്നിൽ മലിനജലം ഒഴുക്കി ലോറിയുടെ യാത്ര; ഉടമയ്ക്ക് 25,000 രൂപ പിഴ"
english_title: "Fish Lorry Polluted Water Road Fine 25000 Taliparamba Collector Action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380035/collector-vehicle-fish-lorry-waste-water-fine-taliparamba"
published_at: "2026-08-26T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ea371a3bf7_1000810281.jpg"
keywords: ["Taliparamba News", "Enforcement Squad Kannur Fine", "Idukki Collector"]
---

# കളക്ടറുടെ വാഹനത്തിന് മുന്നിൽ മലിനജലം ഒഴുക്കി ലോറിയുടെ യാത്ര; ഉടമയ്ക്ക് 25,000 രൂപ പിഴ

> **Lead Summary:** **തളിപ്പറമ്പ്: **റോഡിൽ മലിനജലം ഒഴുക്കി യാത്ര ചെയ്ത ലോറിക്ക് 25,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഇടുക്കി ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തര നടപടി.

## Article Content

**തളിപ്പറമ്പ്: **റോഡിൽ മലിനജലം ഒഴുക്കി യാത്ര ചെയ്ത ലോറിക്ക് 25,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഇടുക്കി ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തര നടപടി.

ഏഴോം - കുപ്പം റോഡിൽ തളിപ്പറമ്പ് ഭാഗത്തേക്ക് മത്സ്യം കൊണ്ടുപോകുകയായിരുന്ന KA 20 AB 7669 എന്ന വാഹനത്തിൽ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുകിയത്. ഈ ദൃശ്യം തത്സമയം ലോറിയുടെ പിറകിൽ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുകയും റോഡിലാകെ ദുർഗന്ധം വമിക്കുന്ന രീതിയിൽ മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ കളക്ടർ ദൃശ്യങ്ങൾ പകർത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉടൻ തന്നെ വാഹന ഉടമയെ ബന്ധപ്പെടുകയും വിഷയം സ്ഥിരീകരിക്കുകയും ചെയ്തു. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് വാഹന ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും 25,000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾക്കായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും, ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ പിഴയും വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നടപടികൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380035/collector-vehicle-fish-lorry-waste-water-fine-taliparamba)