---
title: "പാമ്പുരുത്തിയിൽ അക്ഷയ കേന്ദ്രം അനുവദിക്കണം; വാർഡ് മെമ്പർ ജില്ലാ പ്രൊജക്ട് മാനേജർക്ക് നിവേദനം നൽകി"
english_title: "Pampuruthi Akshaya Center Demand Ward Member Petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379783/pampuruthi-akshaya-center-demand-petition"
published_at: "2026-08-23T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b19938ec9c_1000804468.jpg"
keywords: ["Pampuruthi Akshaya Center", "Kolachery Panchayat", "Akshaya Kendra Demand Kannur"]
---

# പാമ്പുരുത്തിയിൽ അക്ഷയ കേന്ദ്രം അനുവദിക്കണം; വാർഡ് മെമ്പർ ജില്ലാ പ്രൊജക്ട് മാനേജർക്ക് നിവേദനം നൽകി

> **Lead Summary:** **കണ്ണൂർ: **വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട പാമ്പുരുത്തി ദ്വീപ് പ്രദേശത്ത് പുതിയ അക്ഷയ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വാർഡ് മെമ്പർ കെ സി ഫാസില, കണ്ണൂർ അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ സി എം മിഥുൻ കൃഷ്ണന് നിവേദനം നൽകി.

## Article Content

**കണ്ണൂർ: **വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട പാമ്പുരുത്തി ദ്വീപ് പ്രദേശത്ത് പുതിയ അക്ഷയ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വാർഡ് മെമ്പർ കെ സി ഫാസില, കണ്ണൂർ അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ സി എം മിഥുൻ കൃഷ്ണന് നിവേദനം നൽകി.

ദ്വീപ് പ്രദേശമായ പാമ്പുരുത്തിയിൽ മുന്നൂറോളം വീടുകളിലായി 2500ലേറെ ജനങ്ങളാണ് താമസിക്കുന്നത്.

നിലവിൽ സർക്കാരിന്റെ ചില ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന കേന്ദ്രം ഉണ്ടെങ്കിലും പരിമിതമായ സേവനങ്ങൾ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ജനങ്ങൾക്ക് അക്ഷയ കേന്ദ്രം വഴിയുള്ള പ്രധാന ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി ദൂരെയുള്ള കൊളച്ചേരിയിലോ മറ്റ് സമീപ പ്രദേശങ്ങളിലോ ഉള്ള അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

ക്ഷേമ പെൻഷൻ മസ്റ്ററിംഗ്, ആധാർ സേവനങ്ങൾ, വില്ലേജ് ഓഫീസ് സേവനങ്ങൾ, വിവിധ ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നത് പ്രായമായവർക്കും സ്ത്രീകൾക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷകൾ, പരീക്ഷാ രജിസ്ട്രേഷനുകൾ, അലോട്ട്മെന്റ് പ്രക്രിയകൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ ദൂരയാത്ര ചെയ്യേണ്ടി വരുന്നു.

പാമ്പുരുത്തിയിൽ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രദേശവാസികളുടെ പൂർണ്ണ സഹകരണമുണ്ടാകുമെന്നും, യാത്രാക്ലേശം പരിഗണിച്ച് അടിയന്തരമായി അക്ഷയ കേന്ദ്രം അനുവദിക്കണമെന്നും നിവേദനത്തിലൂടെ മെമ്പർ ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ വാർഡ് മെമ്പർക്ക് പുറമേ മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി കെ പി അബ്ദുൽസലാം, യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379783/pampuruthi-akshaya-center-demand-petition)