---
title: "ഓണക്കാലത്ത് പരിശോധനകൾ കർശനമാക്കാൻ നിർദ്ദേശം; പരാതികൾ അറിയിക്കാൻ നമ്പർ"
english_title: "Onam Strict Inspection Squad Kannur Collector Control Room Number"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379542/onam-strict-inspection-squad-kannur-complaint-number"
published_at: "2026-08-21T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8880eb1e1fa_1000800273.jpg"
keywords: ["Onam Inspection Squad", "Kannur Collector", "Control Room Number", "Onam Market Checking"]
---

# ഓണക്കാലത്ത് പരിശോധനകൾ കർശനമാക്കാൻ നിർദ്ദേശം; പരാതികൾ അറിയിക്കാൻ നമ്പർ

> **Lead Summary:** കണ്ണൂർ: ഓണക്കാലം സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി വിവിധ മേഖലകളിൽ പരിശോധനകൾ കർശനമാക്കാൻ നിർദ്ദേശം നൽകി.

## Article Content

കണ്ണൂർ: ഓണക്കാലം സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി വിവിധ മേഖലകളിൽ പരിശോധനകൾ കർശനമാക്കാൻ നിർദ്ദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് ഓണം സീസൺ അവസാനിക്കുന്നത് വരെ ജില്ലാ അതിർത്തികൾ, മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധനകൾ ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചത്.

ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി ജില്ലാ-താലൂക്ക് തലങ്ങളിൽ പ്രത്യേക പരിശോധനാ സ്ക്വാഡുകൾക്ക് ഇതിനകം രൂപം നൽകിയിട്ടുണ്ട്. പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് സ്ക്വാഡുകൾ.

ഇതിനു പുറമെ, ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങൾ കൂടുതലായി വരുന്നത് കണക്കിലെടുത്ത് അനധികൃത ഖനനം, പാടം നികത്തൽ, കുന്നിടിക്കൽ, മണ്ണ് കടത്തൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ റവന്യൂ, പോലീസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന പരിശോധനാ സ്ക്വാഡുകൾക്കും ജില്ലയിൽ രൂപം നൽകിയിട്ടുണ്ട്.

പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടർമാർക്ക് താലൂക്കുകളുടെ ചുമതലയും നൽകി. ഡിഎം ഡെപ്യൂട്ടി കലക്ടർ (കണ്ണൂർ), തലശ്ശേരി സബ് കലക്ടർ (തലശ്ശേരി), എൽആർ ഡെപ്യൂട്ടി കലക്ടർ (ഇരിട്ടി), തളിപ്പറമ്പ് ആർഡിഒ (തളിപ്പറമ്പ്), ആർആർ ഡെപ്യൂട്ടി കലക്ടർ (പയ്യന്നൂർ) എന്നിവരെയാണ് താലൂക്ക്തല ചാർജ് ഓഫീസർമാരായി നിയമിച്ചത്. അതിർത്തികൾക്കു പുറമെ, ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ യൂണിറ്റുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചു.

അതിനിടെ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 96 സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധനകൾ പുരോഗമിക്കുന്നതായി ജില്ലാ കലക്ടർ പറഞ്ഞു. ഇതിനകം 2500ലേറെ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഫ്റ്റ് ഡ്രിങ്ക്-ഐസ് ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 150ലേറെ കടകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. വിവിധ നിയമലംഘനങ്ങൾക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും ഈടാക്കി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ അക്കാര്യം കലക്ടറേറ്റ് കൺട്രോൾ റൂം നമ്പറായ *9446682300*-ൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിക്കുന്നു. കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ഫീൽഡ് സ്ക്വാഡുകൾക്ക് അപ്പപ്പോൾ കൈമാറുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി, എഡിഎം പി എൻ പുരുഷോത്തമൻ, ഡിഎം ഡെപ്യൂട്ടി കലക്ടർ കെ ജി പ്രാൺ സിംഗ്, വകുപ്പ് തലവൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379542/onam-strict-inspection-squad-kannur-complaint-number)