---
title: "അവുങ്ങുംപൊയിലിൽ പാചകവാതക ഫില്ലിങ് യൂണിറ്റിനെതിരെ പ്രതിഷേധം; യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു"
english_title: "Avungumpoyil LPG Filling Unit Protest UDF Support Pariyaram Action Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379385/avungumpoyil-lpg-filling-unit-protest-udf-pariyaram"
published_at: "2026-08-20T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87209885110_1000797522.jpg"
keywords: ["Avungumpoyil", "Pariyaram", "LPG Filling Unit", "UDF Protest", "Action Committee"]
---

# അവുങ്ങുംപൊയിലിൽ പാചകവാതക ഫില്ലിങ് യൂണിറ്റിനെതിരെ പ്രതിഷേധം; യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു

> **Lead Summary:** പരിയാരം: പരിയാരം വില്ലേജിലെ അവുങ്ങുംപൊയിലിൽ സ്വകാര്യ കമ്പനി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പാചകവാതക ഫില്ലിങ് യൂണിറ്റിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരത്തിന് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

## Article Content

പരിയാരം: പരിയാരം വില്ലേജിലെ അവുങ്ങുംപൊയിലിൽ സ്വകാര്യ കമ്പനി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പാചകവാതക ഫില്ലിങ് യൂണിറ്റിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരത്തിന് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

ജനവാസ കേന്ദ്രത്തിൽ സ്ഥാപനം തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് പദ്ധതി വ്യവസായ മേഖലയിലേക്ക് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പരിയാരം വില്ലേജിൽ ഉൾപ്പെട്ട ഭൂമിയിൽ നിയാകോ എസ്.പി. എനർജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് പാചകവാതക ഫില്ലിങ് സ്ഥാപനം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിർദിഷ്ട സ്ഥലം പരിയാരം, പാണപ്പുഴ വില്ലേജുകളിലായി 160 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണെന്നും ഇതിൽ 147 ഓളം പേർക്ക് മിച്ചഭൂമിയായി സർക്കാർ പതിച്ചു നൽകിയ സ്ഥലവും ഉൾപ്പെടുന്നതായും പരാതിയിൽ പറയുന്നു.

പരിയാരം വില്ലേജിലെ സ്ഥലത്ത് ഇതിനകം 56 ഓളം വീടുകൾ നിർമിച്ചു കഴിഞ്ഞതായും നിരവധി വീടുകൾ നിർമാണത്തിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സമീപത്ത് വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, അങ്കണവാടി തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തിന് സമീപത്തായി ഫയർ സ്റ്റേഷനോ ആശുപത്രിയോ ഇല്ലെന്നും പരാതിയിൽ പറയുന്നു.

ജനവാസ കേന്ദ്രത്തിൽ സ്ഥാപനം ആരംഭിക്കാൻ അനുമതി നൽകിയാൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കും മറ്റ് സമരപരിപാടികളിലേക്കും നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. സ്ഥാപനം ആരംഭിക്കുന്നതിനായി മിച്ചഭൂമിയിൽ ഉൾപ്പെട്ട സ്ഥലം വ്യാജരേഖ ചമച്ച് കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കമുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലാ കലക്ടർ തുടങ്ങിയവർക്ക് നേരത്തെ പരാതി നൽകിയിട്ടുണ്ട്. നിർദിഷ്ട സ്ഥലം വ്യവസായ മേഖലയല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിർദിഷ്ട പാചകവാതക ഫില്ലിങ് യൂണിറ്റ് വ്യവസായ മേഖലയിലേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും പദ്ധതി സ്ഥലം സന്ദർശിച്ച യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സന്ദർശന സംഘത്തിന് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.സി.എം അഷ്റഫ്, പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി സജീവൻ, ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.എം അൽ അമീൻ, കൺവീനർ കെ. അബ്ദുള്ളക്കുട്ടി, യുഡിഎഫ് നേതാക്കളായ ഇ.വിജയൻ മാസ്റ്റർ, ഉമ്മർ അരിപ്രാമ്പ്ര, ഐ.വി കുഞ്ഞിരാമൻ, കെ.വി സുരാഗ്, എ.എം വിജയൻ, പ്രമോദ് മുടിക്കാനം, ഷൈനി ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379385/avungumpoyil-lpg-filling-unit-protest-udf-pariyaram)