---
title: "ഓണക്കാല തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണവും"
english_title: "Kannur City Onam Traffic Control Security Plan 2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378717/kannur-city-onam-traffic-control-security-2026"
published_at: "2026-08-15T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a808c968c292_1000785400.jpg"
keywords: ["Onam", "Traffic Control", "Police", "Payyambalam"]
---

# ഓണക്കാല തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണവും

> **Lead Summary:** **കണ്ണൂർ: **ഓണാഘോഷങ്ങളും അവധിക്കാല ഷോപ്പിംഗും കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.

## Article Content

**കണ്ണൂർ: **ഓണാഘോഷങ്ങളും അവധിക്കാല ഷോപ്പിംഗും കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.

ഓഗസ്റ്റ് 15 മുതൽ 31 വരെ കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഈ പ്രത്യേക സംവിധാനം. സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്ലാൻ നടപ്പാക്കുന്നത്.

നഗരത്തിലെ 23 പ്രധാന ട്രാഫിക് പോയിന്റുകളിൽ 52 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഐ.ഒ.സി ജംഗ്ഷൻ, പ്ലാസ, എസ്.ബി.ഐ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, പഴയ ബസ് സ്റ്റാൻഡ്, ഗാന്ധി സർക്കിൾ, താണ തുടങ്ങിയ കേന്ദ്രങ്ങളിൽ ഓരോ പോയിന്റിലും കുറഞ്ഞത് 2 പേർ വീതം നിയന്ത്രണത്തിനുണ്ടാകും.  

വൈകുന്നേരം 4 മുതൽ രാത്രി 10 വരെയുള്ള പീക്ക് സമയങ്ങളിൽ പ്രത്യേക നിരീക്ഷണം.

പ്രധാന ജംഗ്ഷനുകൾ, ഇടുങ്ങിയ റോഡുകൾ, ബസ് റൂട്ടുകൾ, ദേശീയപാതയോരങ്ങൾ എന്നിവിടങ്ങളിൽ പാർക്കിംഗ് കർശനമായി നിരോധിച്ചു.  

പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സൗത്ത് ബസാർ, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യം. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഉടനടി നീക്കം ചെയ്യും.

തിരക്കേറിയ സമയങ്ങളിൽ ടൗണിലേക്ക് വലിയ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.  കോഴിക്കോട് ഭാഗത്തുനിന്നുള്ളവ: താഴെ ചൊവ്വ - സിറ്റി - ജില്ലാ ആശുപത്രി - ചാലാട് - വളപട്ടണം  

കാസർകോട് ഭാഗത്തുനിന്നുള്ളവ: പുതിയതെരു - കക്കാട് - താണ വഴി തിരിച്ചുവിടും.

മോഷണം, ലഹരി ഉപയോഗം, സ്ത്രീകളെ ശല്യം ചെയ്യൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ തടയാൻ 17 ബീറ്റുകളിൽ 54 ഉദ്യോഗസ്ഥർ ബീറ്റ് പട്രോളിംഗ് നടത്തും.  

പയ്യാമ്പലം ബീച്ച്, പടന്നപ്പാലം തിയേറ്റർ, ഓണം ഫെയർ, പൂവിപണി, സെന്റ് ആഞ്ചലോസ് കോട്ട, ബേബി ബീച്ച് എന്നിവിടങ്ങളിൽ പ്രത്യേക പിക്കറ്റും മഫ്തി പോലീസും. തീരദേശ പോലീസിന്റെ നേതൃത്വത്തിൽ പയ്യാമ്പലത്ത് പ്രത്യേക പട്രോളിംഗും.

അടിയന്തര സാഹചര്യങ്ങൾക്ക് 5 മൊബൈൽ പട്രോൾ, 4 ബൈക്ക് പട്രോൾ യൂണിറ്റുകളിലായി 26 അംഗ സംഘം 24 മണിക്കൂറും പട്രോളിംഗ് നടത്തും. ആംബുലൻസ്, സ്കൂൾ-ആശുപത്രി മേഖലകൾക്ക് മുൻഗണന.

പീക്ക് സമയങ്ങളിൽ പൊതുയോഗങ്ങളും പ്രകടനങ്ങളും അനുവദിക്കില്ല. ഓണക്കാലത്ത് സുഗമമായ യാത്രയ്ക്ക് പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378717/kannur-city-onam-traffic-control-security-2026)