---
title: "പരിയാരം തലോറ നോർത്ത് വാർഡ് ഗ്രാമസഭയെ കുറിച്ചുള്ള പത്ര വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്റ് സി. ബാലകൃഷ്ണൻ"
english_title: "Pariyaram Panchayat President Denies Gram Sabha Venue Controversy News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378439/pariyaram-gramasabha-news-baseless-president-clarification"
published_at: "2026-08-14T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e8f6d8eed0_1000780214.jpg"
keywords: ["Pariyaram Grama Panchayat", "Gram Sabha", "C Balakrishnan", "Thalora North"]
---

# പരിയാരം തലോറ നോർത്ത് വാർഡ് ഗ്രാമസഭയെ കുറിച്ചുള്ള പത്ര വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്റ് സി. ബാലകൃഷ്ണൻ

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമ പഞ്ചായത്തിലെ തലോറ നോർത്ത് വാർഡ് 9 ലെ ഗ്രാമസഭയുമായി ബന്ധപ്പെട്ട് ഇന്നലെ ചില പത്രങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണൻ അറിയിച്ചു.

## Article Content

**പരിയാരം: **പരിയാരം ഗ്രാമ പഞ്ചായത്തിലെ തലോറ നോർത്ത് വാർഡ് 9 ലെ ഗ്രാമസഭയുമായി ബന്ധപ്പെട്ട് ഇന്നലെ ചില പത്രങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണൻ അറിയിച്ചു.

2026-27 വാർഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ ജൂലൈ 15 മുതൽ 21 വരെ നടത്താൻ ഭരണസമിതി തീരുമാനിച്ചിരുന്നു. തലോറ നോർത്ത് വാർഡ് 9 ഒഴികെ 20 ഗ്രാമസഭകളും ചേർന്ന് അജണ്ടകൾ പൂർത്തിയാക്കി.

തലോറ നോർത്ത് വാർഡിലെ സഭ നെല്ലിപ്പറമ്പ് മദ്രസയിൽ നടത്തണമെന്ന് ബഹുമാനപ്പെട്ട മെമ്പർ വാക്കാലും രേഖാമൂലവും ആവശ്യപ്പെട്ടു.

നിലവിൽ ബ്ലോക്ക് പഞ്ചായത്ത് ആസ്തിയിലുള്ള സാംസ്കാരിക നിലയമാണ് കഴിഞ്ഞ തവണയും ഗ്രാമസഭ ചേർന്ന സ്ഥലം. സൗകര്യപ്രദമായ ഇത് ഒഴിവാക്കി മദ്രസയിലേക്ക് മാറ്റുന്നത് അനാവശ്യ വിഭാഗീയ ചർച്ചകൾക്ക് ഇടയാക്കുമെന്നതിനാൽ സാംസ്കാരിക നിലയത്തിൽ തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മെമ്പറോട് പറഞ്ഞു.

മെമ്പർ നിലപാട് മാറ്റാത്തതിനാൽ വിഷയം 2 തവണ അനൗപചാരികമായി ചർച്ച ചെയ്തു. അംഗൻവാടി, കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, പഞ്ചായത്ത് ഗ്രൗണ്ടിൽ പന്തൽ എന്നീ മൂന്നാമതൊരു കേന്ദ്രം പരിഗണിക്കാമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു.

തലോറ നോർത്ത്-9 വാർഡിൽ 50% മുസ്ലിം ജനവിഭാഗവും 50% ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളുമാണുള്ളത്. മദ്രസ ഒരു മത വിഭാഗത്തിന്റെ ആരാധനാലയത്തോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.

സർക്കാരിനും തദ്ദേശ വകുപ്പിനും നേതൃത്വം നൽകുന്ന പാർട്ടിയുടെ പ്രതിനിധിയായ മെമ്പർ ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തിലോ മറ്റു പൊതു സ്ഥാപനങ്ങളിലോ ഗ്രാമസഭ ചേർന്ന് അർഹരായവർക്ക് ആനുകൂല്യം നൽകാൻ കാണിക്കുന്ന അലംഭാവം ഉപേക്ഷിച്ച് ഉത്തരവാദിത്തം നിർവഹിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

തെറ്റായ മാധ്യമ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സി. ബാലകൃഷ്ണൻ തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ്ബിന് നൽകിയ കുറിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378439/pariyaram-gramasabha-news-baseless-president-clarification)