---
title: "'കരുതൽ കണ്ണൂർ' പദ്ധതിക്ക് തുടക്കം; സന്നദ്ധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കുടക്കീഴിൽ ഏകോപനം"
english_title: "Karuthal Kannur Project Launched for Coordinated Voluntary Activities in District"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377849/karuthal-kannur-project-launch-district-coordination"
published_at: "2026-08-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79fc05e2be4_1000772022.jpg"
keywords: ["Karuthal Kannur", "District Administration", "Voluntary Work", "Disaster Management"]
---

# 'കരുതൽ കണ്ണൂർ' പദ്ധതിക്ക് തുടക്കം; സന്നദ്ധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കുടക്കീഴിൽ ഏകോപനം

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ വിവിധ സന്നദ്ധ പ്രവർത്തനങ്ങളെ ഒന്നിച്ചു കൂട്ടുന്ന 'കരുതൽ കണ്ണൂർ' പദ്ധതിയുടെ പ്രഥമ ആലോചനാ യോഗം കളക്ടറേറ്റിൽ ചേർന്നു.

## Article Content

**കണ്ണൂർ: **ജില്ലയിലെ വിവിധ സന്നദ്ധ പ്രവർത്തനങ്ങളെ ഒന്നിച്ചു കൂട്ടുന്ന 'കരുതൽ കണ്ണൂർ' പദ്ധതിയുടെ പ്രഥമ ആലോചനാ യോഗം കളക്ടറേറ്റിൽ ചേർന്നു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ യോഗത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം കളക്ടറേറ്റ് കോൺഫറൻസ് ഹാൾ നിറഞ്ഞുകവിഞ്ഞു.

'കരുതൽ കണ്ണൂർ' പൂജ്യത്തിൽ നിന്ന് തുടങ്ങുന്നതല്ലെന്നും ജില്ലക്കകത്തും പുറത്തുമായി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും കോർത്തിണക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ആണിതെന്നും യോഗത്തിൽ വ്യക്തമാക്കി.

സഹായം ആവശ്യമുള്ളവർക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. സർക്കാർ സംവിധാനത്തെ മാത്രം ആശ്രയിക്കാതെ ജനകീയ ഇടപെടൽ വഴി സഹായം ലഭ്യമാക്കും. ഓരോ മേഖലയിലും ശാസ്ത്രീയ പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെ അതാത് കാര്യത്തിനായി വിനിയോഗിക്കും.

*പ്രധാന പ്രവർത്തനങ്ങൾ*

- പെട്ടെന്ന് സഹായമെത്തിക്കൽ

- മെച്ചപ്പെട്ട ഏകോപനം 

- വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം

- സഹായ വിതരണത്തിലെ ആവർത്തനം ഒഴിവാക്കൽ

- കൂടുതൽ ജനങ്ങളുടെ പങ്കാളിത്തം

- ദുരന്ത സാഹചര്യങ്ങൾക്ക് ജില്ലയെ സുസജ്ജമാക്കൽ

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കണക്കുകളും ഏകോപനവും സൂക്ഷിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ടം.

ഒരു ദുരന്തസ്ഥലത്തേക്ക് ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ എത്തുക, ആവശ്യമില്ലാത്തവ ആവർത്തിച്ച് എത്തിക്കുക, സ്ഥലം മാറി സാധനങ്ങൾ എത്തിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഏകീകൃത സംവിധാനത്തിലൂടെ പരിഹരിക്കാനാകും.

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം മാത്രമല്ല, ദുരിതത്തിൽ അകപ്പെട്ടവർക്ക് എല്ലാ വിധ സഹായവും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും 'കരുതൽ കണ്ണൂർ' ഉൾക്കൊള്ളും.

യോഗത്തിൽ പങ്കെടുത്തവരെല്ലാം പദ്ധതിയെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, കണ്ണൂർ സൈക്കിൾ ക്ലബ്, കണ്ണൂർ ട്രോമ കെയർ സൊസൈറ്റി, ഹോപ്പ് പിലാത്തറ, സിവിൽ ഡിഫെൻസ്, ഐ.ആർ.ഡബ്ലിയു, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, ശാസ്ത്ര, റെഡ് ക്രോസ്, ഐ.ആർ.പി.സി, ജില്ലാ റെസിഡൻസ് അസോസിയേഷൻ, ക്ലീൻ ഗ്രീൻ പാലയാട് തുടങ്ങി 20 ഓളം സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും പങ്കെടുത്തു.

അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗ് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377849/karuthal-kannur-project-launch-district-coordination)