---
title: "ഒടുവിൽ പിടിയിൽ..! അർജുൻ ആയങ്കി കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നും പിടിയിലായി "
english_title: "Arjun Ayankki Arrested by Police in Kannur After 2-Day Manhunt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377546/arjun-ayankki-arrested-kannur-police"
published_at: "2026-08-09T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77d071c2cb5_1000766446.jpg"
keywords: ["Arjun Ayankki", "Kannur Police", "Arrest", "Gold Smuggling", "Kerala"]
---

# ഒടുവിൽ പിടിയിൽ..! അർജുൻ ആയങ്കി കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നും പിടിയിലായി 

> **Lead Summary:** കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. 

## Article Content

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് അർജുനെ പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒപ്പം സുഹൃത്തായ മറ്റൊരാളും ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.  

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ നേരത്തെ അർജുനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കും എതിരെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴി ഭീഷണിയും അധിക്ഷേപവും അയച്ചതിന് പൊലീസ് കേസെടുത്തു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണമായത്. ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ നിരന്തരം രംഗത്ത് വന്നിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത്, സ്വർണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ അർജുനെതിരെ കേസുകൾ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377546/arjun-ayankki-arrested-kannur-police)