---
title: "കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം"
english_title: "kanivu 108 ambulance service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37626/kanivu-108-ambulance-service"
published_at: "2022-04-14T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62582e5303c46_vac.jpg"
keywords: []
---

# കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം

> **Lead Summary:** **വയനാട്: **കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പനമരം മാതോത്ത് പൊയിൽ കോളനിയിൽ ബിജുവിന്റെ ഭാര്യ സൗമ്യ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

## Article Content

**വയനാട്: **കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പനമരം മാതോത്ത് പൊയിൽ കോളനിയിൽ ബിജുവിന്റെ ഭാര്യ സൗമ്യ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

സൗമ്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ സ്ഥലത്തെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സിനെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻ തന്നെ കൺട്രോൾ റൂം എമർജൻസി റെസ്പോൺസ് ഓഫീസർ ഇന്ദു അത്യാഹിത സന്ദേശം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

ഒട്ടും വൈകാതെ ആംബുലൻസ് പൈലറ്റ് അസീസ്. ടി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ ജോസ് എന്നിവർ പൊയിൽ കോളനിയിൽ എത്തി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ സൗമ്യയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയില്ല എന്ന് മനസിലാക്കി വീട്ടിൽ വെച്ച് തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.

9.45ന് നിഖിലിന്റെ പരിചരണത്തിൽ  സൗമ്യ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് അസീസ് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37626/kanivu-108-ambulance-service)