---
title: "പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും"
english_title: "Plus Two SAY and improvement exam results will be published on Saturday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374136/plus-two-say-and-improvement-exam-results-will-be-published-on-saturday"
published_at: "2026-07-23T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61e5856b0e2_1000654730.png"
keywords: []
---

# പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

> **Lead Summary:** തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഫലപ്രഖ്യാപനത്തിനുള്ള അന്തിമ തീയതിക്ക് രൂപം നൽകിയത്.ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നെങ്കിലും ഫലപ്രഖ്യാപനം വീണ്ടും വീണ്ടും മാറ്റിവെക്കുകയായിരുന്നു. മൂന്ന് തവണയാണ് പ്രഖ്യാപിച്ച തീയതികൾ മാറ്റിയത്.

## Article Content

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഫലപ്രഖ്യാപനത്തിനുള്ള അന്തിമ തീയതിക്ക് രൂപം നൽകിയത്.ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നെങ്കിലും ഫലപ്രഖ്യാപനം വീണ്ടും വീണ്ടും മാറ്റിവെക്കുകയായിരുന്നു. മൂന്ന് തവണയാണ് പ്രഖ്യാപിച്ച തീയതികൾ മാറ്റിയത്.

ഇതോടെ ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലത്തിനായി കാത്തിരുന്ന ഒരു ലക്ഷത്തോളം വിദ്യാർഥികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു.ഫലം വൈകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉണ്ടായിരുന്നത്.

സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകർ ഏർപ്പെട്ടിരുന്നതിനാൽ പേപ്പർ മൂല്യനിർണയം വൈകി. ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് അവിടെ നടന്ന പരീക്ഷകളുടെ മൂല്യനിർണയവും വൈകിയിരുന്നു. ഇതോടൊപ്പം ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിൽ സാങ്കേതിക തടസങ്ങൾ നേരിട്ടതും പ്രഖ്യാപനം നീട്ടുന്നതിന് കാരണമായി.ഡിഗ്രി പ്രവേശനത്തിന്റെ അവസാന ഘട്ടത്തിലാണ് ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് വ്യക്തത വന്നിരിക്കുന്നത്.

ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ഫലം വന്ന ശേഷം മാത്രമേ നിരവധി കുട്ടികൾക്ക് അലോട്ട്മെന്റ്, കോളജ് അഡ്മിഷൻ എന്നിവ ഉറപ്പിക്കാൻ സാധിക്കൂ.ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം ഫലം ഓൺലൈനായി പരിശോധിക്കാൻ സാധിക്കുമെന്നാണ് വിവരം.

www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും SMS വഴിയും ഫലം ലഭ്യമാകും.അനിശ്ചിതത്വം അവസാനിച്ചതോടെ തുടർപഠനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374136/plus-two-say-and-improvement-exam-results-will-be-published-on-saturday)