---
title: "മാനന്തവാടി–മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും"
english_title: "Mananthavady–Mattannur Airport Road: Land acquisition process to be expedited."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373649/mananthavadymattannur-airport-road-land-acquisition-process-to-be-expedited"
published_at: "2026-07-21T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efe9c850be_Untitled-2-web.jpg"
keywords: []
---

# മാനന്തവാടി–മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും

> **Lead Summary:** **കണ്ണൂർ: **മാനന്തവാടി–ബോയ്‌സ് ടൗൺ–പേരാവൂർ–ശിവപുരം–മട്ടന്നൂർ വിമാനത്താവളം റോഡ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

## Article Content

**കണ്ണൂർ: **മാനന്തവാടി–ബോയ്‌സ് ടൗൺ–പേരാവൂർ–ശിവപുരം–മട്ടന്നൂർ വിമാനത്താവളം റോഡ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുപ്പ് നടത്തി മഹസർ തയ്യാറാക്കുന്നതിനും വില നിർണയം പൂർത്തിയാക്കുന്നതിനും സമയബന്ധിതമായി നടപടികൾ സ്വീകരിക്കും. ഇതിനായി നിലവിലുള്ളതിനൊപ്പം കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു.

സർവേ നടപടികൾ വേഗത്തിലാക്കുന്നതിനായി കൂടുതൽ ഉപകരണങ്ങളും ജീവനക്കാരെയും വിന്യസിക്കും. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ സർവേ വിഭാഗവുമായി ചേർന്ന് തുടർനടപടികൾ ത്വരിതപ്പെടുത്തും. കൂടാതെ, കെ.ആർ.എഫ്.ബിയുമായി ചേർന്ന് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ സംയുക്ത പരിശോധനയും നടത്തും.

സ്ഥലം ഏറ്റെടുക്കൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് നിർമ്മാണത്തിനായി കൈമാറണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. റവന്യൂ, സർവേ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373649/mananthavadymattannur-airport-road-land-acquisition-process-to-be-expedited)