---
title: "കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും"
english_title: "Living a wretched life on the streets for over a decade; humanitarian workers and the district administration arrange medical treatment for Sreenivasan."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372819/living-a-wretched-life-on-the-streets-for-over-a-decade-humanitarian-workers-and-the-district-administration-arrange-medical-treatment-for-sreenivasan"
published_at: "2026-07-16T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58fc4192742_news-card.jpg"
keywords: []
---

# കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

> **Lead Summary:** **കണ്ണൂർ:** ഇരുകാലുകളിലും ഗുരുതരമായ വ്രണബാധയേറ്റ് വർഷങ്ങളായി കടവരാന്തകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുമായി ദുരിതജീവിതം നയിച്ചിരുന്ന കണ്ണൂർ ജില്ലയിലെ കണ്ണപുരം സ്വദേശി ശ്രീനിവാസൻ പറമ്പത്ത് ഒടുവിൽ ചികിത്സയുടെ കരുതലിലേക്ക്.

## Article Content

**കണ്ണൂർ:** ഇരുകാലുകളിലും ഗുരുതരമായ വ്രണബാധയേറ്റ് വർഷങ്ങളായി കടവരാന്തകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുമായി ദുരിതജീവിതം നയിച്ചിരുന്ന കണ്ണൂർ ജില്ലയിലെ കണ്ണപുരം സ്വദേശി ശ്രീനിവാസൻ പറമ്പത്ത് ഒടുവിൽ ചികിത്സയുടെ കരുതലിലേക്ക്.

പത്ത് വർഷത്തിലേറെയായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്ന ശ്രീനിവാസൻ മുൻപ് വിവിധ സന്നദ്ധ സ്ഥാപനങ്ങളിൽ താമസിച്ചിരുന്നെങ്കിലും, കാലിലെ ഗുരുതരമായ വ്രണത്തിന് ആവശ്യമായ ചികിത്സാ സൗകര്യം ലഭ്യമല്ലാത്തതിനാൽ അവിടെ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. തുടർന്ന് കടവരാന്തകളും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ അഭയകേന്ദ്രം.

രണ്ടു ദിവസം മുൻപാണ് കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റി, കണ്ണൂർ അംഗവും ആശാ പ്രവർത്തകയുമായ ശകുന്തള ശ്രീനിവാസനെ കണ്ടെത്തി സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗ്രൂപ്പ് പ്രസിഡന്റും പോലീസ് ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായ രാജേഷ് തളിയിൽ, സെക്രട്ടറി അബുജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരായ പുരുഷോത്തമൻ, ഉമേഷ്, സലാം പള്ളിച്ചാൽ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജീവകാരുണ്യ പ്രവർത്തകരായ സാജിത ഹാരിസ്, ഷക്കീല അഷ്റഫ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.

ശ്രീനിവാസനെ മാറ്റിപ്പാർപ്പിക്കാൻ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും, ഗുരുതരമായ വ്രണത്തിന് ചികിത്സ നൽകാനുള്ള സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാപനങ്ങൾക്ക് അദ്ദേഹത്തെ ഏറ്റെടുക്കാൻ സാധിച്ചില്ല.

തുടർന്ന് പ്രവർത്തകർ ജില്ലാ കളക്ടർ വിഷ്ണുരാജിനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. സാഹചര്യം മനസ്സിലാക്കിയ ജില്ലാ കളക്ടർ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ. വിവേകുമാറുമായി ബന്ധപ്പെടുകയും, പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. മാധവന്റെ സഹകരണത്തോടെ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372819/living-a-wretched-life-on-the-streets-for-over-a-decade-humanitarian-workers-and-the-district-administration-arrange-medical-treatment-for-sreenivasan)