---
title: "തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ അപകടഭീഷണിയിൽ"
english_title: "Zebra lines faded in Taliparamba; pedestrians at risk of accidents."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372747/zebra-lines-faded-in-taliparamba-pedestrians-at-risk-of-accidents"
published_at: "2026-07-16T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a589b460d2af_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ അപകടഭീഷണിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **നഗരത്തിലെ പ്രധാന റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സീബ്രാ ലൈനുകൾ ഭൂരിഭാഗം സ്ഥലങ്ങളിലും പൂർണ്ണമായും മാഞ്ഞുപോയ നിലയിൽ. സ്കൂൾ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകൾ റോഡ് മുറിച്ചുകടക്കുന്ന തളിപ്പറമ്പ് നഗരത്തിൽ, സീബ്രാ ലൈനുകൾ അപ്രത്യക്ഷമായിട്ടും അവ പുനഃസ്ഥാപിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ​ദേശീയപാതയും സംസ്ഥാനപാതയും കടന്നുപോകുന്ന തളിപ്പറമ്പിലെ ഏറ്റവും തിരക്കേറിയ പല ജംഗ്ഷനുകളിലും നിലവിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

## Article Content

**തളിപ്പറമ്പ്: **നഗരത്തിലെ പ്രധാന റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സീബ്രാ ലൈനുകൾ ഭൂരിഭാഗം സ്ഥലങ്ങളിലും പൂർണ്ണമായും മാഞ്ഞുപോയ നിലയിൽ. സ്കൂൾ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകൾ റോഡ് മുറിച്ചുകടക്കുന്ന തളിപ്പറമ്പ് നഗരത്തിൽ, സീബ്രാ ലൈനുകൾ അപ്രത്യക്ഷമായിട്ടും അവ പുനഃസ്ഥാപിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ​ദേശീയപാതയും സംസ്ഥാനപാതയും കടന്നുപോകുന്ന തളിപ്പറമ്പിലെ ഏറ്റവും തിരക്കേറിയ പല ജംഗ്ഷനുകളിലും നിലവിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മൂത്തേടത്ത് ഹൈസ്കൂളിന് മുൻവശത്തുള്ള സീബ്രാ ലൈൻ നിലവിൽ പൂർണ്ണമായും മാഞ്ഞുപോയ അവസ്ഥയിലാണ്. രാവിലെയും വൈകുന്നേരവും നൂറുകണക്കിന് വിദ്യാർത്ഥികൾ റോഡ് മുറിച്ചുകടക്കുന്ന ഈ ഭാഗത്ത് വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്. ​ഇതിനുപുറമേ, നഗരത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന് മുന്നിലുള്ള സീബ്രാ ലൈനും സമാനമായ രീതിയിൽ മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. വ്യാപാരികളും സാധാരണക്കാരായ ഉപഭോക്താക്കളും നിരന്തരം ആശ്രയിക്കുന്ന ഈ ഭാഗത്തും റോഡ് മുറിച്ചുകടക്കുക എന്നത് സാഹസികമായ കാര്യമായി മാറിയിരിക്കുന്നു.

സീബ്രാ ലൈൻ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും സംസ്ഥാനവ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ ഉൾപ്പെടെ ഉപയോഗിച്ച് കടുത്ത പിഴ ഈടാക്കുമ്പോഴാണ് തളിപ്പറമ്പ് നഗരത്തിൽ അടയാളങ്ങൾ പോലുമില്ലാത്ത അവസ്ഥ തുടരുന്നത്. വൺവേ നിയന്ത്രണങ്ങളും വലിയ വാഹനങ്ങളുടെ തിരക്കുമുള്ള തളിപ്പറമ്പിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയാണ് നൽകുന്നത് എന്നതിന് തെളിവാണ് ഈ അനാസ്ഥ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372747/zebra-lines-faded-in-taliparamba-pedestrians-at-risk-of-accidents)