---
title: "ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ"
english_title: " Landslides can now be predicted in advance! The state's first sensor-based warning system is in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372180/landslides-can-now-be-predicted-in-advance-the-states-first-sensor-based-warning-system-is-in-kannur"
published_at: "2026-07-13T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bbbe47474_Untitled-2-web.jpg"
keywords: []
---

# ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നൂതന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിൽ യാഥാർത്ഥ്യമാകുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങിയ ഡാറ്റകൾ തത്സമയം ശേഖരിച്ച് വിശകലനം ചെയ്താണ് മണ്ണിടിച്ചിൽ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുക.

## Article Content

കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നൂതന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിൽ യാഥാർത്ഥ്യമാകുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങിയ ഡാറ്റകൾ തത്സമയം ശേഖരിച്ച് വിശകലനം ചെയ്താണ് മണ്ണിടിച്ചിൽ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുക.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഏകദേശം 2 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്.2022ൽ 34ഓളം മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്ത അതീവ ദുർഘട പ്രദേശമാണ് കണിച്ചാർ. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനം ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്.പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഈ വർഷം ജനുവരിയിൽ ഓക്സൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ മാടശ്ശേരി മലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും നിലവിൽ കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റകൾ ശേഖരിക്കുന്നുണ്ട്.ഇനി മണ്ണ് പരിശോധന പൂർത്തിയാക്കിയ ശേഷം 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിച്ചാണ് സെൻസറുകൾ സ്ഥാപിക്കുക. ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിൽ മലയുടെ മുകളിൽ നിന്ന് താഴോട്ടായി 8 പോയിന്റുകളിലാണ് ഈ സെൻസറുകൾ സ്ഥാപിക്കുക. മണ്ണിന്റെ ചലനം, ഈർപ്പം, സമ്മർദ്ദം തുടങ്ങിയവ ഇതിലൂടെ നിരീക്ഷിക്കും.മാടശ്ശേരി മലയിൽ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് സമാന ഘടനയുള്ള സമീപ പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും വിലയിരുത്താൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സെൻസറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു ഏകീകൃത പോർട്ടൽ വഴി മഴവിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.ഈ പൈലറ്റ് പദ്ധതി വിജയിച്ചാൽ വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372180/landslides-can-now-be-predicted-in-advance-the-states-first-sensor-based-warning-system-is-in-kannur)