---
title: "'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര"
english_title: "Chenthamara, the accused in the Nenmara double murder case, makes a provocative statement in court."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372137/chenthamara-the-accused-in-the-nenmara-double-murder-case-makes-a-provocative-statement-in-court"
published_at: "2026-07-13T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a549961b1208_upi.jpg"
keywords: []
---

# 'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

> **Lead Summary:** **പാലക്കാട്: **നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതിയില്‍ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയില്‍ തന്നെ തൂക്കി കൊന്നോളൂ എന്ന് പറഞ്ഞ പ്രതി ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നും പറഞ്ഞു. കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി 'നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം.

## Article Content

**പാലക്കാട്: **നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതിയില്‍ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയില്‍ തന്നെ തൂക്കി കൊന്നോളൂ എന്ന് പറഞ്ഞ പ്രതി ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നും പറഞ്ഞു. കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി 'നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം.

ശിക്ഷാവിധി പ്രസ്താവിക്കാന്‍ കോടതി കേസ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

'എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ ഞാന്‍ ഗാന്ധിജി അല്ല. വേണ്ടി വന്നാല്‍ മറ്റുള്ളവരെയും ഞാന്‍ കൊല്ലും. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ. എന്റെ അവസ്ഥ നിങ്ങള്‍ക്കും വരണം. ഞാന്‍ കടന്നുപോയ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടാവുമ്പോള്‍ മനസിലാകും. എനിക്ക് തടസ്സം നില്‍ക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും.'- ചെന്താമര കോടതിയില്‍ പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതി പറഞ്ഞു.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുന്‍പ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസില്‍ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്. ആദ്യ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372137/chenthamara-the-accused-in-the-nenmara-double-murder-case-makes-a-provocative-statement-in-court)