---
title: "പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും"
english_title: "ost-mortem report states there was no need to administer anesthesia; three doctors to be questioned."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371964/ost-mortem-report-states-there-was-no-need-to-administer-anesthesia-three-doctors-to-be-questioned"
published_at: "2026-07-12T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53165c693fb_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട അടിയന്തര സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **പയ്യന്നൂരിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട അടിയന്തര സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു.

പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ, അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാൾ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുക. ഇവർ രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിന് പൊലീസ് നോട്ടീസ് നൽകി.

എന്നാൽ, മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന്റെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യ കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റത്. തുടർന്ന് തുന്നലിടാനായി (സ്റ്റിച്ച്) പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് അനസ്തീഷ്യ നൽകിയതിന് പിന്നാലെ നില അതീവ ഗുരുതരമാകുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371964/ost-mortem-report-states-there-was-no-need-to-administer-anesthesia-three-doctors-to-be-questioned)