---
title: "കണ്ണൂർ കൂടാളി അപകടം: സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങവെ ദുരന്തം; പൊലിഞ്ഞത് നാല് ജീവനുകൾ"
english_title: "koodali accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371755/koodali-accident"
published_at: "2026-07-11T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ba875f020_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ കൂടാളി അപകടം: സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങവെ ദുരന്തം; പൊലിഞ്ഞത് നാല് ജീവനുകൾ

> **Lead Summary:** **കണ്ണൂര്‍:** കൂടാളിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ കാറപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്.

## Article Content

**കണ്ണൂര്‍:** കൂടാളിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ കാറപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്.

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ വെറും അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അപകടം സംഭവിച്ചത്.

അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. നിലവില്‍ ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371755/koodali-accident)