---
title: "രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു"
english_title: "Fake QR code "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371475/fake-qr-code"
published_at: "2026-07-09T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fb5e67c16d_1000688691.jpg"
keywords: []
---

# രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

> **Lead Summary:** പിലാത്തറ: മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ഉദാരമതികൾ നൽകിയ ചികിത്സാ സഹായധനം വ്യാജ ക്യൂ.ആർ കോഡ് നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറയിലെ കടുങ്ങാൻ പുതിയപുരയിൽ മജീദിന്റെ ഭാര്യ കെ.പി. സജിന നൽകിയ പരാതിയിലാണ് അജ്ഞാതനായ സൈബർ തട്ടിപ്പുകാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

പിലാത്തറ: മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ഉദാരമതികൾ നൽകിയ ചികിത്സാ സഹായധനം വ്യാജ ക്യൂ.ആർ കോഡ് നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറയിലെ കടുങ്ങാൻ പുതിയപുരയിൽ മജീദിന്റെ ഭാര്യ കെ.പി. സജിന നൽകിയ പരാതിയിലാണ് അജ്ഞാതനായ സൈബർ തട്ടിപ്പുകാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

​സജിനയുടെ കുട്ടിയുടെ ഭാരിച്ച ചികിത്സാച്ചെലവ് കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടർന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് യു.പി.ഐ (UPI) സ്കാനറുകൾ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ കമ്മിറ്റി ഭാരവാഹികൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

​എന്നാൽ, ഈ വീഡിയോകൾ ഡൗൺലോഡ് ചെയ്ത തട്ടിപ്പുകാർ, അതിലെ ഒറിജിനൽ ക്യൂ.ആർ കോഡ് മാറ്റി പകരം തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച വ്യാജ സ്കാനർ പതിപ്പിച്ചു. തുടർന്ന് സജിനയുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമ്മിച്ച് ഈ വീഡിയോകൾ വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു.

​കഴിഞ്ഞ ജൂൺ 30 മുതലാണ് ഇത്തരത്തിൽ വ്യാപകമായി പണം തട്ടിയെടുക്കപ്പെട്ടത്. വീഡിയോ കണ്ട് മനസലിഞ്ഞു ആളുകൾ അയച്ച കാരുണ്യനിധിയാണ് കുട്ടിയുടെ കുടുംബത്തിന് ലഭിക്കാതെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോയത്. സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​സോഷ്യൽ മീഡിയ വഴിയുള്ള ചികിത്സാ സഹായ പോസ്റ്റുകളിലേക്ക് ഗൂഗിൾ പേയോ (GPay) മറ്റ് യു.പി.ഐ ആപ്പുകളോ വഴി പണം അയക്കുന്നതിന് മുൻപ്, സ്കാൻ ചെയ്യുമ്പോൾ കാണിക്കുന്ന പേരും പോസ്റ്റിലുള്ള പേരും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക. സംശയമുണ്ടെങ്കിൽ പോസ്റ്റിൽ നൽകിയിട്ടുള്ള നമ്പറുകളിൽ വിളിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം പണം കൈമാറുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371475/fake-qr-code)