---
title: "വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ"
english_title: "Vizhinjam share transfer: E.P. Jayarajan distances himself from his own party and K.K. Ragesh regarding corruption allegations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371446/vizhinjam-share-transfer-ep-jayarajan-distances-himself-from-his-own-party-and-kk-ragesh-regarding-corruption-allegations"
published_at: "2026-07-09T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f827f44ce0_Untitled-2-web.jpg"
keywords: []
---

# വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

> **Lead Summary:** **കണ്ണൂർ: **വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സി.പി.എം ശക്തമായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ രംഗത്ത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സി.പി.എം ശക്തമായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ രംഗത്ത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

> “ആരോപണം ഉന്നയിച്ചവരോട് ചോദിക്കണം”

> വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തിയതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്, “അത് ആക്ഷേപമുന്നയിച്ചവരോട് തന്നെ ചോദിക്കണം” എന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി.

വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും, ആരെങ്കിലും അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അവരത് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉയർന്നുവന്ന ആരോപണങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ വിജിലൻസ് പോലെയുള്ള ഔദ്യോഗിക സംവിധാനങ്ങളോ അന്വേഷിക്കട്ടെ എന്ന് പറഞ്ഞ അദ്ദേഹം, നിലവിലുള്ള കരാർ വ്യവസ്ഥകൾ അത്രയെളുപ്പം ലംഘിക്കാൻ സാധിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി.

സർക്കാരിനും മന്ത്രിമാർക്കും വിമർശനം

കേരളത്തിൽ എപ്പോഴും വിവാദങ്ങളുണ്ടാക്കുക എന്നൊരു മോശം പ്രവണതയാണ് കണ്ടുവരുന്നതെന്ന് ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. നിലവിലെ സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രവർത്തനശൈലിയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

> “ഭരിക്കുന്ന മുന്നണിക്കും മന്ത്രിമാർക്കും നിലവിൽ ഭരണത്തിലല്ല താല്പര്യം. പകരം അനാവശ്യ വിവാദങ്ങളുണ്ടാക്കാനും ശണ്ഠകൂടാനുമാണ് അവർക്ക് അതീവ താല്പര്യം. അതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അതിന്റെ കരാർ വ്യവസ്ഥയനുസരിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള താല്പര്യമാണ് സംസ്ഥാന സർക്കാർ കാണിക്കേണ്ടത്.” – ഇ.പി. ജയരാജൻ പറഞ്ഞു.

കരാർ വ്യവസ്ഥകളിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെയും, അതേസമയം സംസ്ഥാനത്തിന്റെ പൊതുതാാല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കാൻ കഴിയത്തക്ക നിലയിലുമുള്ള ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മന്ത്രിമാർ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും കേരളത്തിന്റെ പൊതുതാാല്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371446/vizhinjam-share-transfer-ep-jayarajan-distances-himself-from-his-own-party-and-kk-ragesh-regarding-corruption-allegations)