---
title: "കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ 150 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു"
english_title: "150-year-old clock tower collapsed at the Kozhikode railway station."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371373/150-year-old-clock-tower-collapsed-at-the-kozhikode-railway-station"
published_at: "2026-07-09T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f4f2deb38c_Untitled-2-web.jpg"
keywords: []
---

# കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ 150 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടുക്കുന്ന അപകടം. സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിന് സമീപമുള്ള നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച രാവിലെ 11:10 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കെട്ടിടം തകരുന്നത് കണ്ട് അവിടെയുണ്ടായിരുന്ന റെയില്‍വേ ജീവനക്കാര്‍ ഓടിമാറിയതിനാലാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടുക്കുന്ന അപകടം. സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിന് സമീപമുള്ള നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച രാവിലെ 11:10 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കെട്ടിടം തകരുന്നത് കണ്ട് അവിടെയുണ്ടായിരുന്ന റെയില്‍വേ ജീവനക്കാര്‍ ഓടിമാറിയതിനാലാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്.

അപകടം നടക്കുമ്പോള്‍ ഉച്ചയ്ക്ക് 2:05-ന് പുറപ്പെടേണ്ട കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ അടച്ചിട്ടിരുന്നതിനാലും ഉള്ളില്‍ യാത്രക്കാര്‍ കയറാത്തതിനാലും വലിയ അപകടമൊഴിവായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട് പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നാണ് 150 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ബലക്ഷയം രൂക്ഷമായതും തകര്‍ച്ചയിലേക്ക് നയിച്ചതുമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായും, ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം, റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി നിലവില്‍ പൈലിങ് അടക്കമുള്ള ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഈ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലെ കാലപ്പഴക്കമുള്ള കൂറ്റന്‍ ടവറുകള്‍ക്ക് കൂടുതല്‍ ബലക്ഷയം സംഭവിക്കാമെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഈ മുന്നറിയിപ്പുകള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാതെ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗം കൂടി നിലംപതിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിലവില്‍ സ്റ്റേഷനിലും പരിസരത്തും റെയില്‍വേ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസ്ഥലത്തേക്ക് ആരെയും കടത്തിവിടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371373/150-year-old-clock-tower-collapsed-at-the-kozhikode-railway-station)