---
title: "സെൻസസ് 2026 ഇന്ന് മുതൽ; വീടുകളിൽ 34 ചോദ്യങ്ങളുമായി എന്യൂമറേറ്റർമാർ"
english_title: "Census 2026 begins today; enumerators to visit homes with 34 questions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369662/census-2026-begins-today-enumerators-to-visit-homes-with-34-questions"
published_at: "2026-07-01T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44adb186923_Untitled-2-web.jpg"
keywords: []
---

# സെൻസസ് 2026 ഇന്ന് മുതൽ; വീടുകളിൽ 34 ചോദ്യങ്ങളുമായി എന്യൂമറേറ്റർമാർ

> **Lead Summary:** സെൻസസ് 2026ന്റെ ആദ്യഘട്ടത്തിന് സംസ്ഥാനത്ത് ഇന്ന് തുടക്കമായി. 2011-ന് ശേഷമുള്ള രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള പാർപ്പിട സെൻസസ് ജൂലൈ 30 വരെ തുടരും. ഈ ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കി താമസസൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.

## Article Content

സെൻസസ് 2026ന്റെ ആദ്യഘട്ടത്തിന് സംസ്ഥാനത്ത് ഇന്ന് തുടക്കമായി. 2011-ന് ശേഷമുള്ള രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള പാർപ്പിട സെൻസസ് ജൂലൈ 30 വരെ തുടരും. ഈ ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കി താമസസൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.

എന്യൂമറേറ്റർമാർ വീടുകളിലെത്തി 34 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ശേഖരിച്ച് സ്മാർട്ട്‌ഫോണിലെ പ്രത്യേക ആപ്പ് വഴി രേഖപ്പെടുത്തും.

ആദ്യഘട്ടത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ

സെൻസസ് 2026ന്റെ ആദ്യഘട്ടത്തിൽ വീടിന്റെ അവസ്ഥ, മേൽക്കൂരയുടെയും ചുമരുകളുടെയും നിർമ്മാണ വസ്തുക്കൾ, കുടിവെള്ള സൗകര്യം, ശുചിമുറി, വൈദ്യുതി, അടുക്കള, പാചക ഇന്ധനം, വാഹനങ്ങൾ, ഇന്റർനെറ്റ്, മൊബൈൽ നമ്പർ തുടങ്ങി വിവിധ വിവരങ്ങളാണ് രേഖപ്പെടുത്തുക.

അതേസമയം, രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും.

അധ്യാപകർക്കും അധിക ചുമതല

സർക്കാർ സ്കൂളുകളിലെ നിരവധി അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയിരിക്കുന്നത് സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

പ്രത്യേകിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിലെ വലിയൊരു വിഭാഗം അധ്യാപകർ വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഓരോ എന്യൂമറേറ്റർക്കും ഒരു മാസത്തിനുള്ളിൽ ഏകദേശം 600 വീടുകൾ സന്ദർശിക്കേണ്ടതുണ്ട്.

കൃത്യമായ വിവരങ്ങൾ നൽകണം

സെൻസസ് ഉദ്യോഗസ്ഥർക്ക് വീടുകളിലും സ്ഥാപനങ്ങളിലും പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ വിവരങ്ങൾ കൃത്യമായി നൽകണമെന്നും അധികൃതർ അറിയിച്ചു.

മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുക, വിവരങ്ങൾ നൽകാൻ വിസമ്മതിക്കുക, സെൻസസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയവ നിയമനടപടിക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369662/census-2026-begins-today-enumerators-to-visit-homes-with-34-questions)