---
title: "വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു"
english_title: "Court acquits all accused in case related to Vialkili strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369201/court-acquits-all-accused-in-case-related-to-vialkili-strike"
published_at: "2026-06-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a422cbe000f3_download_(1).jpg"
keywords: []
---

# വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

> **Lead Summary:** **തളിപ്പറമ്പ്:** പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്.

## Article Content

**തളിപ്പറമ്പ്:** പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 14-ാം തീയതി വയല്‍ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാന്‍ സമരക്കാര്‍ വയലില്‍ അണിനിരന്നിരുന്നു.

കൈയില്‍ കുപ്പിയില്‍ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉള്‍പ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്.അന്നത് വലിയവാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.മണിക്കൂറുകളുടെ പരിശ്രമത്തിലാണ് സമരനേതാവ് സുരേഷ് കീഴാറ്റൂര്‍, ഐക്യ ദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ എം.പൈകട, മനോഹരന്‍ ചുങ്കക്കാരന്‍ ഉള്‍പ്പെടെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധമായ സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍, ഉദ്യോഗസ്ഥരെ തടയല്‍ എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുത്തത്.നിലവില്‍ 28 പേരാണ് കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പരമേശ്വരന്‍, ഭവീഷ് എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369201/court-acquits-all-accused-in-case-related-to-vialkili-strike)