---
title: "ഇന്ന് ഹെലൻ കെല്ലർ ദിനം; ഹെലൻ കെല്ലർ, മാതൃകയാണ് ജീവിതം; ഷാക്കിർ തോട്ടിക്കൽ"
english_title: "Today is Helen Keller Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368823/today-is-helen-keller-day"
published_at: "2026-06-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fa28977e07_Untitled-2-web.jpg"
keywords: []
---

# ഇന്ന് ഹെലൻ കെല്ലർ ദിനം; ഹെലൻ കെല്ലർ, മാതൃകയാണ് ജീവിതം; ഷാക്കിർ തോട്ടിക്കൽ

> **Lead Summary:** കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയും നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെൺകുട്ടിയാണ് ഹെലൻ. അന്ധയും ബധിരയുമായ അവൾ നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങൾ തീർത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ ഏറ്റവും വലിയ ഒരു പാഠം കൂടിയാണ്‌ ഹെലൻ കെല്ലർ.

## Article Content

കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയും നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെൺകുട്ടിയാണ് ഹെലൻ. അന്ധയും ബധിരയുമായ അവൾ നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങൾ തീർത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ ഏറ്റവും വലിയ ഒരു പാഠം കൂടിയാണ്‌ ഹെലൻ കെല്ലർ.

ആരെയും കോരിത്തരിപ്പിക്കുന്ന ജീവിതകഥയാണ് ഹെലൻ കെല്ലറുടേത് . 19 മാസം പ്രായമായപ്പോൾ രോഗം ബാധിച്ച് കാഴ്ചയും കേൾവിയും നശിച്ച് നിസ്സഹായയായ കുട്ടി. ഏഴാം വയസ്സിൽ ആൻ സള്ളിവൻ എന്ന അധ്യാപിക സഹായത്തിനെത്തി.

പഠനം അതിവേഗം ഇടതടവില്ലാതെ തുടർന്നു. ആനും ഹെലനും തമ്മിലുള്ള നിരന്തരബന്ധം 49 വർഷം ഇടമുറിയാതെ നീണ്ടു.കാഴ്ചയോ കേൾവിയോ ഇല്ലാത്ത ഹെലൻ കെല്ലർ ഇതിനിടയിൽ കൈവരിച്ച നേട്ടങ്ങൾ ആരെയും വിസ്മയിപ്പിക്കും.24–ാം വയസ്സിൽ സർവകലാശാലാബിരുദം നേടി. ടീച്ചറുടെ ചുണ്ടിലെയും തൊണ്ടയിലെയും ചലനങ്ങൾ തൊട്ടറിഞ്ഞ് സംസാരിക്കാൻ പഠിച്ചു. പ്രഭാഷകയായി.ദരിദ്രരുടെയും വൈകല്യമുള്ളവരുടെയും വനിതകളുടെയും അവകാശങ്ങൾക്കായി പൊരുതി.. ‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന അതിമനോഹരശൈലിയിലുള്ള ആത്മകഥയടക്കം ഒരു ഡസൻ ഗ്രന്ഥങ്ങൾ രചിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.നേട്ടങ്ങളിലേക്കു നയിക്കുന്ന വിശ്വാസമാണ് ശുഭപ്രതീക്ഷ’ എന്ന സ്വന്തം വാക്കുകൾ ഹെലൻ കെല്ലർ ജീവിച്ചുതെളിയിച്ചു. സ്വന്തം പോരായ്മകളെക്ക‌ുറിച്ചു വിലപിക്കുകയോ അന്യരുടെ കാരുണ്യത്തിനു യാചിക്കുകയോ ചെയ്യാതെ, ആത്മവിശ്വാസത്തിൽ മുറുകെപ്പിടിച്ച് സ്ഥിരപരിശ്രമംവഴി മഹാവിജയം നേടി.

ഹെലൻ കെല്ലറുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠം സ്ഥിരപ്രയത്നത്തിനു പകരം വക്കാൻ മറ്റൊന്നില്ല എന്നതാണ്‌... തിരിച്ചടിയുണ്ടായാൽ മനസ്സു മടുക്കരുത്. തെറ്റു തിരുത്തി, മുൻപത്തെക്കാൾ ഊർജ്ജസ്വലതയോടെ പ്രയത്നിച്ചു മുന്നേറണം. മഷിയുണങ്ങാത്ത പേന നമുക്കു മനസ്സിൽ വയ്ക്കാവുന്ന പ്രതീകം. തോറ്റിട്ട് മൂന്നാമതോ നാലാമതോ തവണ ശ്രമിക്കുന്ന രീതി നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുമെന്ന് നോവലിസ്റ്റ് ജെയിംസ് മിച്ച്നർ പറയുന്നു . സ്ഥിരപരിശ്രമമെന്ന താക്കോൽ കൊണ്ട് തടസ്സവാദത്തിന്റെ വാതിലുകളെല്ലാം തുറക്കാം. വിജയം ഒരിക്കലും തനിയേ ഒഴുകി വരില്ല, നാമതു സ്ഥിരപരിശ്രമംവഴി നേടിയെടുക്കണം.ഹെലൻ കെല്ലറുടെ ജീവിത കഥയിൽ അവർ പറയുന്നത്‌ ഇങ്ങനെ.ജീവിതത്തിന്റെ അടഞ്ഞ വാതിലിനു മുന്നിൽ ഏകയായി കാത്തിരിക്കുമ്പോൾ, തണുത്ത മൂടൽമഞ്ഞു പോലെ ഒരു ഒറ്റപ്പെടൽ എനിക്കു പലപ്പോഴും അനുഭവപ്പെടാറുണ്ട് എന്നത് വാസ്തവമാണ്. അപ്പുറത്തു വെളിച്ചവും സംഗീതവും മുധുരതരമായ ചങ്ങാത്തവുമുണ്ട്. പക്ഷേ, എനിക്കവിടെ പ്രവേശിക്കാനാവില്ല. വിധിയും മൗനവും നിർഭയത്വവും വഴിതടയുന്നു.

എന്റെ ഹൃദയം അച്ചടക്കമില്ലാത്തതും വികാരാധീനവുമാണ് എന്നതു കൊണ്ട് അദ്ദേഹത്തിന്റെ വിധിതീർപ്പിനെ ചോദ്യം ചെയ്യാനാവുമോ; എന്റെ നാവ്, ചുണ്ടുകളിലൂടെ ഉതിരുന്ന കയ്പേറിയ, വ്യർഥമായ ആ വാക്കുകൾ ഉച്ചരിക്കില്ല.പൊഴിക്കാത്ത കണ്ണുനീർത്തുള്ളികൾ പോലെ അവ എന്റെ ഹൃദയത്തിലേക്കുതന്നെ തിരികെ പതിക്കും. നിശ്ശബ്ദത എന്റെ ആത്മാവിനെയാകെ പൊതിഞ്ഞിരിക്കുന്നു.അപ്പോൾ പ്രതീക്ഷ പുഞ്ചിരിയുമായി വന്ന് മന്ത്രിക്കുന്നു. ആത്മവിസ്മൃതിയിൽ ആനന്ദമുണ്ട്. അതിനാൽ ഞാൻ മറ്റുള്ളവരുടെ കണ്ണുകളിലെ പ്രകാശത്തെ എന്റെ സൂര്യനായും അവരുടെ കർണങ്ങളിലെ സംഗീതം എന്റെ സിംഫണിയായും അവരുടെ ചുണ്ടുകളിലെ പുഞ്ചിരി എന്റെ ആഹ്ളാദമായും മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368823/today-is-helen-keller-day)