---
title: "കുട്ടികളുടെ സുരക്ഷ എവിടെ? അംഗൻവാടി ജീവനക്കാരി കുഞ്ഞിനെ ചവിട്ടി താഴെയിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ"
english_title: "Where is the safety of children? Footage of an Anganwadi worker kicking a child on social media"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368552/where-is-the-safety-of-children-footage-of-an-anganwadi-worker-kicking-a-child-on-social-media"
published_at: "2026-06-26T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e31dca1fdb_Untitled-2-web.jpg"
keywords: []
---

# കുട്ടികളുടെ സുരക്ഷ എവിടെ? അംഗൻവാടി ജീവനക്കാരി കുഞ്ഞിനെ ചവിട്ടി താഴെയിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

> **Lead Summary:** മഹാരാഷ്ട്രയിലെ പൻവേലിലെ അംഗൻവാടിയിൽ ജീവനക്കാരിയുടെ ക്രൂരത. അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി. പൻവേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് കുട്ടി ആക്രമണത്തിനിരയായത്.

## Article Content

മഹാരാഷ്ട്രയിലെ പൻവേലിലെ അംഗൻവാടിയിൽ ജീവനക്കാരിയുടെ ക്രൂരത. അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി. പൻവേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് കുട്ടി ആക്രമണത്തിനിരയായത്.

ചവിട്ടേറ്റ് പടിയിൽ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നത്. കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച് പെരുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ നവി മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സാരി ധരിച്ചെത്തിയ ജീവനക്കാരി ഒരു കയ്യിൽ ബാഗ് പിടിച്ചിരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ ചവിട്ടിയാണ് താഴേയ്ക്ക് വീഴ്ത്തുന്നത്.

കുട്ടികളെ സ്നേഹത്തോടെയും പരിചരണത്തോടെയും നോക്കേണ്ട ഒരു സ്ഥലത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടായത് ആളുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച് കരയാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം. വഴിപോക്കരിൽ ഒരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിരീക്ഷണവും നടപടികളും വേണമെന്ന ആവശ്യമാണ് മാതാപിതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368552/where-is-the-safety-of-children-footage-of-an-anganwadi-worker-kicking-a-child-on-social-media)