---
title: "കരച്ചിലടക്കാനാവാതെ നാട്; ഖത്തർ അപകടത്തിൽ മരിച്ച അർജുന് വിട നൽകി ഉറ്റവർ, മൃതദേഹം സംസ്കരിച്ചു"
english_title: "Arjun, who died in the Qatar accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368472/arjun-who-died-in-the-qatar-accident"
published_at: "2026-06-26T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3df6b723068_Untitled-2-web.jpg"
keywords: []
---

# കരച്ചിലടക്കാനാവാതെ നാട്; ഖത്തർ അപകടത്തിൽ മരിച്ച അർജുന് വിട നൽകി ഉറ്റവർ, മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **കോഴിക്കോട്: **ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച കോഴിക്കോട് തൂണേരി സ്വദേശി അർജുന്റെ മൃതദേഹം സംസ്കരിച്ചു . പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ആറ് മണിയോടെയാണ് മൃതദേഹം തൂണേരിയിലെ വീട്ടിലെത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് ശേഷം എട്ട് മണിയോടെ സംസ്കരിച്ചു. ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും അർജുനെ ഒരുനോക്കു കാണാൻ പുലർച്ചെ തന്നെ വീട്ടിൽ എത്തിയിരുന്നു.

## Article Content

**കോഴിക്കോട്: **ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച കോഴിക്കോട് തൂണേരി സ്വദേശി അർജുന്റെ മൃതദേഹം സംസ്കരിച്ചു . പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ആറ് മണിയോടെയാണ് മൃതദേഹം തൂണേരിയിലെ വീട്ടിലെത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് ശേഷം എട്ട് മണിയോടെ സംസ്കരിച്ചു. ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും അർജുനെ ഒരുനോക്കു കാണാൻ പുലർച്ചെ തന്നെ വീട്ടിൽ എത്തിയിരുന്നു.

അപകടം നടന്ന പ്ലാന്‍റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുൻപാണ് അർജുന്‍റെ വിവാഹം നടന്നത്. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുൻപാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരടക്കം പതിമൂന്ന് പേരാണ് മരിച്ചത്. അർജുന് അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ രാത്രി നാദാപുരം എംഎൽഎ കെ എം അഭിജിത്ത് വീട്ടിൽ എത്തിയിരുന്നു.

പ്രവാസലോകത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ അർജുന്റെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുന്റെയും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുമായുള്ള വിവാഹം. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ. സഹോദരി: വിസ്മയ.

ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്.

ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368472/arjun-who-died-in-the-qatar-accident)