---
title: "'ലഹരിമുക്ത കണ്ണൂർ'; ചലഞ്ചിൽ നിങ്ങൾക്കും പങ്കാളികളാകാം"
english_title: "'Drug-Free Kannur' challenge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367739/drug-free-kannur-challenge"
published_at: "2026-06-23T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a042bb263d_Untitled-2-web.jpg"
keywords: []
---

# 'ലഹരിമുക്ത കണ്ണൂർ'; ചലഞ്ചിൽ നിങ്ങൾക്കും പങ്കാളികളാകാം

> **Lead Summary:** ജൂൺ 26-ലെ രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'ലഹരിമുക്ത കണ്ണൂർ' എന്ന മഹത്തായ ലക്ഷ്യവുമായി ജില്ലയിൽ വിപുലമായ ബോധവൽക്കരണ ക്യാമ്പയിനും മാസ്സ് ഓൺലൈൻ പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.

## Article Content

ജൂൺ 26-ലെ രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'ലഹരിമുക്ത കണ്ണൂർ' എന്ന മഹത്തായ ലക്ഷ്യവുമായി ജില്ലയിൽ വിപുലമായ ബോധവൽക്കരണ ക്യാമ്പയിനും മാസ്സ് ഓൺലൈൻ പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.

ലഹരിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് ഈ ജനകീയ മുന്നേറ്റം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ്, കണ്ണൂർ ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, എക്‌സൈസ് വകുപ്പ്, പൊതുവിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടപ്പിലാക്കുന്നത്. വിവിധ സർക്കാർ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ പ്രതിജ്ഞയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.

ലഹരിക്കെതിരെയുള്ള ഈ കൂട്ടായ്മയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ nmba.dosje.gov.in/content/take-a-pledge എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിച്ചോ പ്രതിജ്ഞയെടുക്കാവുന്നതാണ്. ലിങ്കിൽ പ്രവേശിച്ച് സ്വന്തം വിവരങ്ങൾ നൽകി 'ടേക്ക് പ്ലെഡ്ജ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രതിജ്ഞ പൂർത്തിയാക്കുമ്പോൾ തന്നെ പങ്കെടുത്തതിനുള്ള സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വരുംതലമുറയ്ക്കായി ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ ക്യാമ്പയിനിൽ മുഴുവൻ ആളുകളും പങ്കുചേരൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367739/drug-free-kannur-challenge)