---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സൗകര്യ വികസനം  വേണം, പുതുതായി ചുമതലയേറ്റ സൂപ്രണ്ടിനെയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടിനെയും സന്ദർശിച്ച് യുഡിഎഫ് പ്രതിനിധി സംഘം"
english_title: "Kannur Govt. Medical College needs facility development"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367673/kannur-govt-medical-college-needs-facility-development"
published_at: "2026-06-22T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a393524867cc_news-card.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സൗകര്യ വികസനം  വേണം, പുതുതായി ചുമതലയേറ്റ സൂപ്രണ്ടിനെയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടിനെയും സന്ദർശിച്ച് യുഡിഎഫ് പ്രതിനിധി സംഘം

> **Lead Summary:** **പരിയാരം: **പുതിയതായി ചുമതലയേറ്റ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ടി. മാധവനെയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വൈ. പ്രവീൺ കുമാറിനെയും യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ച് ആശംസകൾ നേർന്നു. ആശുപത്രിയുടെ നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി വിവിധ നിർദേശങ്ങളും സംഘം മുന്നോട്ടുവച്ചു.

## Article Content

**പരിയാരം: **പുതിയതായി ചുമതലയേറ്റ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ടി. മാധവനെയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വൈ. പ്രവീൺ കുമാറിനെയും യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ച് ആശംസകൾ നേർന്നു. ആശുപത്രിയുടെ നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി വിവിധ നിർദേശങ്ങളും സംഘം മുന്നോട്ടുവച്ചു.

രോഗികളുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഒ.പി വിഭാഗത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കണമെന്നും, ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേഗത്തിലും സൗകര്യപ്രദമായും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ആശുപത്രി പരിസരത്തെ ശുചിത്വ പരിപാലനം ശക്തിപ്പെടുത്തുക, രാത്രികാലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, കുടിവെള്ളവും ഇരിപ്പിട സൗകര്യങ്ങളും വർധിപ്പിക്കുക എന്നിവയും സംഘം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ പാർക്കിംഗ് സംവിധാനം നിലവിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ അടിയന്തിരമായി മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

രോഗികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ മെഡിക്കൽ കോളേജിനെ കൂടുതൽ മികച്ച ആരോഗ്യ സേവന കേന്ദ്രമാക്കാൻ ശ്രമിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ അറിയിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശന സംഘത്തിൽ കെപിസിസി മെമ്പർ എം.പി. ഉണ്ണികൃഷ്ണൻ, സി.എം.പി ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.വി. അബ്ദുൽ ഷുക്കൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പി.വി. സജീവൻ, രാജേഷ് മല്ലപ്പള്ളി, യു. രാമചന്ദ്രൻ, എ.കെ. ജയശീലൻ, നജ്മുദ്ദീൻ പിലാത്തറ, ശിഹാബ് ആലക്കാട്, അഡ്വ. സൂരജ് പരിയാരം, മിഥുൻ രാമദാസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367673/kannur-govt-medical-college-needs-facility-development)