---
title: "തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം"
english_title: "Illegal construction on the riverbank in violation of the Coastal Zone Act"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365345/illegal-construction-on-the-riverbank-in-violation-of-the-coastal-zone-act"
published_at: "2026-06-11T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a8da47a168_news-card.jpg"
keywords: []
---

# തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

> **Lead Summary:** **തളിപ്പറമ്പ്:** പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം മുക്കുന്ന് ലേക് പാർക്കിന് സമീപം തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് അനധികൃത കെട്ടിട നിർമ്മാണം നടന്നിട്ടും അധികൃതർ ഒത്താശ ചെയ്യുന്നതായി പരാതി. പരിയാരം ഗ്രാമപഞ്ചായത്തിലെ മുക്കുന്ന് 12-ാം വാർഡിൽ ഉൾപ്പെടുന്ന പുഴയോരത്താണ് പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയർത്തിക്കൊണ്ട് നിർമ്മാണം പുരോഗമിക്കുന്നത്.

## Article Content

**തളിപ്പറമ്പ്:** പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം മുക്കുന്ന് ലേക് പാർക്കിന് സമീപം തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് അനധികൃത കെട്ടിട നിർമ്മാണം നടന്നിട്ടും അധികൃതർ ഒത്താശ ചെയ്യുന്നതായി പരാതി. പരിയാരം ഗ്രാമപഞ്ചായത്തിലെ മുക്കുന്ന് 12-ാം വാർഡിൽ ഉൾപ്പെടുന്ന പുഴയോരത്താണ് പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയർത്തിക്കൊണ്ട് നിർമ്മാണം പുരോഗമിക്കുന്നത്.

​പുഴയുടെ തീരത്തുനിന്നും കൃത്യമായ ദൂരപരിധി പാലിക്കാതെ, വെറും 20-30 മീറ്ററിനുള്ളിലാണ് നിലവിൽ ബിൽഡിംഗിന്റെ ബെൽറ്റ് കോൺക്രീറ്റ് അടക്കമുള്ള ജോലികൾ ദ്രുതഗതിയിൽ നടക്കുന്നത്. നിർമ്മാണത്തിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നിരിക്കെ, അത് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് നിലവിൽ ഇവിടെ നിർമ്മാണം തുടരുന്നത്.

​ഇതുസംബന്ധിച്ച് പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി ലഭിച്ചിരുന്നെങ്കിലും യാതൊരുവിധ അന്വേഷണമോ തുടർനടപടികളോ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തം സ്ഥലത്ത് ഒരു വീട് നിർമ്മിക്കുന്നതിന് പോലും കർശനമായ നിയമങ്ങൾ പറയുന്ന അധികാരികൾ, പുഴയോരം കൈയേറിയുള്ള ഈ വൻകിട നിയമലംഘനത്തിന് നേരെ പൂർണ്ണമായും കണ്ണടയ്ക്കുകയാണ്.

​പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉദ്യോഗസ്ഥരുടെയും പൂർണ്ണമായ ഒത്താശയോടെയാണ് ഈ അനധികൃത നിർമ്മാണം നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ നിർമ്മാണവുമായി മുന്നോട്ടുപോകാൻ ധൈര്യം കാട്ടുന്നത് ഉദ്യോഗസ്ഥരുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. തീരദേശ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുഴയോരത്ത് നടത്തുന്ന ഈ അനധികൃത നിർമ്മാണം എത്രയും വേഗം തടയണമെന്നും, ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഭരണസമിതി ഒത്താശയെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365345/illegal-construction-on-the-riverbank-in-violation-of-the-coastal-zone-act)