---
title: "ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സർക്കാർ നിയമഭേദഗതിക്ക് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി"
english_title: "tourist bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365113/tourist-bus"
published_at: "2026-06-10T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2929aeb7a5e_Untitled-2-web.jpg"
keywords: []
---

# ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സർക്കാർ നിയമഭേദഗതിക്ക് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാൻ അനുമതി നൽകിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ബസ്സുകളുടെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയമായ യാതൊരു ബന്ധവുമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം. എന്നാൽ, ഈ ഉത്തരവ് പൂർണ്ണമായും പ്രാബല്യത്തിൽ വരണമെങ്കിൽ സംസ്ഥാന സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാൻ അനുമതി നൽകിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ബസ്സുകളുടെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയമായ യാതൊരു ബന്ധവുമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം. എന്നാൽ, ഈ ഉത്തരവ് പൂർണ്ണമായും പ്രാബല്യത്തിൽ വരണമെങ്കിൽ സംസ്ഥാന സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.

2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് - കെ.എസ്.ആർ.ടി.സി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിൽ കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയത്.

മുൻപ് ടൂറിസ്റ്റ് ബസുകളിൽ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്ന വിലയിരുത്തലിലാണ് വിദേശരാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് രാത്രിയും പകലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വെള്ള നിറം കേരളത്തിലും അടിച്ചേൽപ്പിച്ചത്.

ബസ്സുകൾ ആകർഷകമാക്കാൻ വേണ്ടി ബസുടമകൾക്കിടയിൽ നിലനിന്നിരുന്ന കടുത്ത മത്സരത്തിനൊടുവിലാണ് മുൻപ് വാഹനങ്ങൾക്കുള്ളിൽ ഡിജെ പാർട്ടികൾക്ക് സമാനമായ ഡാൻസ് ഫ്ലോറുകളും, ലേസർ ലൈറ്റുകളും, നിയമവിരുദ്ധമായ മ്യൂസിക് സിസ്റ്റങ്ങളും സ്ഥാപിച്ചിരുന്നത്.

വടക്കഞ്ചേരി അപകടത്തിന് ശേഷം നടന്ന കർശനമായ വകുപ്പുതല പരിശോധനകളിലൂടെയാണ് ഇത്തരം അമിത ലൈറ്റുകളും ശബ്ദസംവിധാനങ്ങളും പല വർണങ്ങളിലുള്ള ഗ്രാഫിക്സുകളും നിരോധിച്ചത്.

നിലവിൽ വെള്ള നിറം മാറ്റാൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെങ്കിലും, പുതിയ കളർ കോഡ് എന്തായിരിക്കണം എന്നതിലും പഴയതുപോലെയുള്ള അലങ്കാരങ്ങൾ അനുവദിക്കുമോ എന്നതിലും സർക്കാർ ഭേദഗതിക്ക് ശേഷമേ വ്യക്തത വരികയുള്ളൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365113/tourist-bus)