---
title: "കുപ്പത്തെ മണ്ണിടിച്ചിൽ: കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം ചെയ്യാനും വീടുകളിൽ ചെളി അടിയുന്നത് തടയാനും തീരുമാനം"
english_title: "Kuppam landslide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364604/kuppam-landslide"
published_at: "2026-06-08T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2644b9a9abc_news-card.jpg"
keywords: []
---

# കുപ്പത്തെ മണ്ണിടിച്ചിൽ: കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം ചെയ്യാനും വീടുകളിൽ ചെളി അടിയുന്നത് തടയാനും തീരുമാനം

> **Lead Summary:** ദേശീയപാത വികസന സ്ഥലത്തു നിന്ന് മണ്ണും ചളിയും ഒഴുകി തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിലെ കുടുംബങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരമായി കിണർ മലിനപ്പെട്ട വീടുകളിൽ കുടിവെള്ള വിതരണം നടത്താനും ചെളി അടിയുന്നത് തടയാനും ഉന്നതതല യോഗം തീരുമാനിച്ചു.ഞായറാഴ്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

## Article Content

ദേശീയപാത വികസന സ്ഥലത്തു നിന്ന് മണ്ണും ചളിയും ഒഴുകി തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിലെ കുടുംബങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരമായി കിണർ മലിനപ്പെട്ട വീടുകളിൽ കുടിവെള്ള വിതരണം നടത്താനും ചെളി അടിയുന്നത് തടയാനും ഉന്നതതല യോഗം തീരുമാനിച്ചു.ഞായറാഴ്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രശ്നം നേരിടുന്ന സി.എച്ച് നഗറിലെ വീടുകളിലോ തെരുവിലോ വീട്ടുമുറ്റത്തോ ഒരു കാരണവശാലും ചെളി എത്താതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ഇതിന് ചെയ്യേണ്ടതായ നടപടികൾ പൊതുമരാമത്ത് വകുപ്പ് നിർദേശിക്കും.കിണറുകളിൽ ചെളി അടിയുന്ന പ്രശ്നത്തിനു പരിഹാരമായി അത്തരം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്താൻ പരിയാരം ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. ഇതിനുള്ള ഫണ്ട്ദേശീയപാത വികസന നിർമാണം ഏറ്റെടുത്ത കരാർ കമ്പനി വഹിക്കണം. പ്രശ്നത്തിൽ അപ്പപ്പോൾ ഇടപെടാനും പരിഹാരം കൈക്കൊള്ളാനും പയ്യന്നൂർ, തളിപ്പറമ്പ് തഹസിൽദാർമാർ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, വില്ലേജ്, പിഡബ്ല്യുഡി (ദേശീയപാത), പിഡബ്ല്യുഡി (റോഡ്) വിഭാഗങ്ങൾ എന്നിവരുൾപ്പെട്ട ദ്രുതകർമസേന (ആർ. ആർ.ടി) രൂപീകരിച്ചു.

ആർ.ആർ.ടി എല്ലാ ദിവസവും സംഭവസ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും . യോഗത്തിന് മുമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ തളിപ്പറമ്പ് എംഎൽഎ ശ്രീ.ടി കെ ഗോവിന്ദൻ, ജില്ലാ കളക്ടർ ശ്രീ.പി വിഷ്ണുരാജ് എന്നിവരടങ്ങിയ സംഘം സംഭവസ്ഥലം സന്ദർശിച്ചു.പ്രശ്നം സർക്കാറിനെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിൽ ഉന്നയിക്കുമെന്നും എംഎൽഎ അറിയിച്ചു.

പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്നും പരിഹാരമാർഗ്ഗങ്ങൾ ക്ക് നിർമ്മാണ കമ്പനിക്കും കുടിവെള്ളമെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും നിർദേശം നൽകിയതായും ജില്ലാ കലക്ടർ എന്ന നിലയില്‍ അറിയിച്ചു.ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) കെ കെ സുബൈർ, തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി കെ സുബൈർ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364604/kuppam-landslide)