---
title: "ദേശീയപാത വികസനം: നോർത്ത് കുപ്പത്ത് മൺമതിലുകൾക്ക് പകരം എലിവേറ്റഡ് റോഡ് വേണം; മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകി"
english_title: "National Highway Development"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363426/national-highway-development"
published_at: "2026-06-02T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ed560a1460_news-card.jpg"
keywords: []
---

# ദേശീയപാത വികസനം: നോർത്ത് കുപ്പത്ത് മൺമതിലുകൾക്ക് പകരം എലിവേറ്റഡ് റോഡ് വേണം; മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകി

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള നോർത്ത് കുപ്പം പ്രദേശത്ത് ഉയരത്തിലുള്ള മൺമതിലുകൾക്ക് പകരം തൂണുകളിന്മേൽ എലിവേറ്റഡ് റോഡ് അഥവാ വയഡക്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ എന്നിവർക്കും കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ എം.എൽ.എയ്ക്കും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗും ജനകീയ ആക്ഷൻ കമ്മിറ്റിയും ചേർന്ന് നിവേദനം സമർപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള നോർത്ത് കുപ്പം പ്രദേശത്ത് ഉയരത്തിലുള്ള മൺമതിലുകൾക്ക് പകരം തൂണുകളിന്മേൽ എലിവേറ്റഡ് റോഡ് അഥവാ വയഡക്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ എന്നിവർക്കും കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ എം.എൽ.എയ്ക്കും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗും ജനകീയ ആക്ഷൻ കമ്മിറ്റിയും ചേർന്ന് നിവേദനം സമർപ്പിച്ചു.

​ചതുപ്പുനിലങ്ങളുടെയും ജനവാസമേഖലയുടെയും പ്രത്യേകത കണക്കിലെടുത്ത് പാപ്പിനിശ്ശേരി വേളാപുരം ഭാഗത്തും സംസ്ഥാനത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഭീമൻ റീട്ടെയിനിങ് വാളുകൾ ഒഴിവാക്കി തൂണുകളിന്മേൽ വയഡക്ട് നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതേ മാതൃക ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഏറെ പ്രതിസന്ധികൾ നേരിടുന്ന നോർത്ത് കുപ്പം പയറ്റിയാൽ ക്ഷേത്രം മുതൽ കുപ്പം പാലം വരെയുള്ള ഭാഗത്തും പ്രായോഗികമാക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

​നിലവിലെ രൂപരേഖയനുസരിച്ച് ഇവിടെ വലിയ മൺമതിലുകൾ ഉയർന്നാൽ നൂറ്റാണ്ടുകളായി ഒത്തൊരുമയോടെ കഴിയുന്ന ഒരു ജനവിഭാഗം പാതയുടെ ഇരുവശങ്ങളിലുമായി ഒറ്റപ്പെട്ടുപോകും. തളിപ്പറമ്പ് പട്ടണത്തോട് ചേർന്നു കിടക്കുന്നതും ജനസാന്ദ്രതയേറിയതുമായ നോർത്ത് കുപ്പം ജംഗ്ഷൻ ഏഴോം റോഡ്, മുക്കുന്ന് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്. പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര, പ്രമുഖ പള്ളികൾ, വിദ്യാലയങ്ങൾ, മാടായിക്കാവിലേക്ക് എത്തുന്ന തീർത്ഥാടകർ ആശ്രയിക്കുന്ന പാത, ഏഴിമല നാവിക അക്കാദമിയിലേക്കുള്ള വഴി എന്നിവയെല്ലാം ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

​മൺമതിലുകൾ വരുന്നതോടെ സ്കൂളുകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനക്ഷമത പൂർണ്ണമായി ഇല്ലാതാവുകയും പ്രദേശത്തെ ചെറുകിട വ്യാപാരികളുടെയും താമസക്കാരുടെയും ഉപജീവനമാർഗ്ഗം തകരുകയും ചെയ്യും. അടിയന്തര ഘട്ടങ്ങളിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ കടന്നുപോകാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടാകും.

​ഈ പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കാൻ നോർത്ത് കുപ്പം പയറ്റിയാൽ ക്ഷേത്രം മുതൽ കുപ്പം പാലം വരെയുള്ള ഭാഗത്ത് നിലവിലെ ഫ്ലൈഓവർ നീട്ടുകയോ തൂണുകളിന്മേൽ എലിവേറ്റഡ് റോഡ് പണിയുകയോ വേണം. മൺമതിലുകളെ അപേക്ഷിച്ച് ഇത് ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതവും പ്രായോഗികവുമായ പരിഹാരമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.മുഖ്യമന്ത്രി,പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ചെന്ന് കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് നേതാക്കളായ കരീം ചേലേരി,കെ ടി സഹദുള്ള,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മുസ്തഫ കൊടിപ്പൊയിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്.ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി,ജന.സെക്രട്ടറി ടി പി നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363426/national-highway-development)