---
title: "കണ്ണൂരിലെത്തും, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും: കെ.വി.തോമസ്‌"
english_title: "kv thomas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36295/kv-thomas"
published_at: "2022-04-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e8ed4b2916_vac.jpg"
keywords: []
---

# കണ്ണൂരിലെത്തും, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും: കെ.വി.തോമസ്‌

> **Lead Summary:** കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്.

## Article Content

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്.

സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്. മാര്‍ച്ച് മാസത്തില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്.

‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയ്‌ക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയായില്ല’. കെവി തോമസ് പറഞ്ഞു. നിലപാടറിയിക്കാന്‍ പത്രസമ്മേളനം വിളിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു.

എംഎ ബേബി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ കെ വി തോമസിന്റെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. കെ വി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണെന്ന് എം എ ബേബി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36295/kv-thomas)