---
title: "കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം"
english_title: "strike in kannur university"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36205/strike-in-kannur-university"
published_at: "2022-04-06T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624db4d9ba05b_vac.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം

> **Lead Summary:** കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ ഫീസ് ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി ഫീസ് ഈടാക്കാനുള്ള സർവ്വകലാശാലയുടെ തലതിരിഞ്ഞ ഉത്തരവിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല ആസ്ഥാനം ഉപരോധിച്ചു.

## Article Content

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ ഫീസ് ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി ഫീസ് ഈടാക്കാനുള്ള സർവ്വകലാശാലയുടെ തലതിരിഞ്ഞ ഉത്തരവിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല ആസ്ഥാനം ഉപരോധിച്ചു.

പരീക്ഷാ ഫീസിന്റെ പേരിൽ വിദ്യാർത്ഥികളെ ബ്ലേഡ്കാരെപ്പോലെ കൊള്ളയടിക്കുന്ന സമീപനമാണ് സർവ്വകലാശാല സ്വീകരിക്കുന്നതെന്നും കൊള്ളപ്പലിശക്കാരുടെ സംഘത്തലവനെപ്പോലയാണ് കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥികളോട് പെരുമാറുന്നതെന്നും പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തു കൊണ്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

പിന്നോക്ക വിഭാഗങ്ങളിൽ നിന്നുൾപ്പടെ നിരവധി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അർഹമായ ഫീസ് ആനുകൂല്യം മുൻകൂറായി ഈടാക്കുകയും പിന്നീട് സർക്കാരിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് തിരിച്ച് നൽകാമെന്നുമുള്ള സർവ്വകലാശാല ഉത്തരവ് വിചിത്രമാണെന്നും വിദ്യാർത്ഥികളിൽ നിന്ന് എങ്ങനെ പണം കൊള്ളയടിക്കാം എന്നത് സംബന്ധിച്ച് കണ്ണൂർ സർവ്വകലാശാല ഗവേഷണം നടത്തുകയാണെന്നും പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

ഉപരോധ സമരത്തെ തുടർന്ന് കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു നടത്തിയ ചർച്ചയിൽ ഉത്തരവിൽ അപാകത പറ്റിയത് പരിശോധിക്കുമെന്നും വൈസ് ചാൻസലറുടെ അനുമതിയോടെ വിദ്യാർത്ഥികളുടെ ഫീസ് ആനുകൂല്യം സംബന്ധിച്ച് നിലവിലെ രീതി തുടരുന്നതിനാവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

സമരത്തിന് കെ.എസ്.യു ജില്ലാ ഭാരവാഹികളായ സി.ടി അഭിജിത്ത്,ഫർഹാൻ മുണ്ടേരി,അൻസിൽ വാഴപ്പള്ളിൽ,അശ്വിൻ മതുക്കോത്ത്,ഹരികൃഷ്ണൻ പാളാട്,ആഷിത്ത് അശോകൻ,അബിൻ വടക്കേക്കര,ജോയ്‌സ് ജേക്കബ്,മുഹമ്മദ്‌ റിസ്വാൻ,ദേവകുമാർ.പി,ശ്രീരാഗ് ഹേമന്ത്,പ്രകീർത്ത് മുണ്ടേരി,അഭിജിത്ത് കാപ്പാട്,ടി.സനിക തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36205/strike-in-kannur-university)