---
title: "ഡിജിറ്റലായ കാലത്ത് തട്ടിപ്പുകളും ഡിജിറ്റൽ:  സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെ ഉയരുന്നു"
english_title: "digital crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36175/digital-crime"
published_at: "2022-04-06T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d9bae7bdf1_vac.jpg"
keywords: []
---

# ഡിജിറ്റലായ കാലത്ത് തട്ടിപ്പുകളും ഡിജിറ്റൽ:  സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെ ഉയരുന്നു

> **Lead Summary:** സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കുത്തനെയാണ് ഉയരുന്നത്. 2016ല്‍ 283 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് 2021ല്‍ 955 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ഫെബ്രുവരി വരെ മാത്രം 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജോലി അന്വേഷിക്കുന്നവരെ പറ്റിക്കുന്ന ഏര്‍പ്പാട് തുടങ്ങിയിട്ട് കുറെയായി.

## Article Content

സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കുത്തനെയാണ് ഉയരുന്നത്. 2016ല്‍ 283 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് 2021ല്‍ 955 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ഫെബ്രുവരി വരെ മാത്രം 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജോലി അന്വേഷിക്കുന്നവരെ പറ്റിക്കുന്ന ഏര്‍പ്പാട് തുടങ്ങിയിട്ട് കുറെയായി.

ബാങ്കുകളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച്‌ ഒറ്റത്തവണ പാസ്വേഡുകള്‍ മനസ്സിലാക്കി അക്കൗണ്ടുകളിലെ പണം ചോര്‍ത്തുന്നതും സ്ഥിരമാണ്. അതിനെതിരെ ബാങ്കുകളടക്കം വ്യാപക ബോധവത്കരണം നടത്തുന്നുണ്ട്. എന്നാലും എല്ലാമാസവും ഒരു കേസ് എന്ന തരത്തില്‍ ഇത്തരം സംഭവം നടക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്നവരോട് സാധനങ്ങള്‍ ആവശ്യപ്പെടുകയും ഗൂഗ്ള്‍ പേ വഴി തുക നല്‍കിയെന്ന് തോന്നിപ്പിക്കുന്ന വിധം കൂടുതല്‍ തുക നല്‍കിയതായുള്ള സന്ദേശം അയച്ച്‌ ബാക്കി തുക തിരിച്ച്‌ അയപ്പിക്കുക, ഇ-മെയിലുകള്‍ ചോര്‍ത്തി വിവരങ്ങള്‍ കൈക്കലാക്കുക, ബസുകളും ട്രെയിനുകളും ഉള്‍പ്പെടെ ബുക്കിങ്ങിന് സഹായിക്കുന്ന സൈറ്റുകള്‍ എന്ന തരത്തില്‍ ആളുകളെ പറ്റിച്ച്‌ പണം നേടുക, ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍തുകയുള്ള ഉല്‍പന്നങ്ങള്‍ക്ക് പകരം സോപ്പുപെട്ടി പോലുള്ളവ നല്‍കി പറ്റിക്കുക, ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി വാട്സ്‌ആപ്പ് ചാറ്റിലൂടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുക, കടകളിലെ ക്യു ആര്‍ കോഡില്‍ തിരിമറി നടത്തി പണം കൈക്കലാക്കുക തുടങ്ങി ഡിജിറ്റല്‍ മേഖലയില്‍ തട്ടിപ്പുകള്‍ വ്യാപകമാണ്.

വീട്ടുജോലിക്കാരെ നല്‍കാമെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് ശ്രമമുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഫാറൂഖ് കോളജ് സ്വദേശി ജോലിക്ക് ആളെ അന്വേഷിച്ച്‌ സുലേഖ.കോം എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജോലിക്ക് ആളുണ്ടെന്ന് പറഞ്ഞ് ഇവരെ വിളിച്ച്‌ പറ്റിക്കാനാണ് ശ്രമം നടന്നത്. ഫാറൂഖ് കോളജിന് സമീപമുള്ള രാമനാട്ടുകര സ്വദേശിയാണ് ജോലിക്ക് തയാറുള്ളതെന്ന് അറിയിക്കുകയായിരുന്നു. ദിവസവും രണ്ടു മണിക്കൂര്‍ ഇവര്‍ ജോലി ചെയ്യും.

ആ സമയം, പാചകം, അലക്ക്, ശുചീകരണം തുടങ്ങി എല്ലാ ജോലികളും ചെയ്യിക്കാമെന്നും 200 രൂപ പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ടു. തയാറാണെങ്കില്‍ അവര്‍ക്ക് ഫോണ്‍ നമ്ബര്‍ കൈമാറാമെന്നും വിളിച്ച്‌ സംസാരിക്കാമെന്നും അറിയിക്കുകയായിരുന്നു. സമ്മതം പറഞ്ഞ വീട്ടുകാരോട് എന്നാല്‍ 5000 രൂപ അടക്കണം. 4000 രൂപ ഈ ജോലിക്കാരിയെ ഒഴിവാക്കുമ്ബോള്‍ തിരികെ നല്‍കുമെന്നും 1000 രൂപ സര്‍വിസ് ചാര്‍ജായി പിടിക്കുമെന്നും അറിയിച്ചു.

അവര്‍ തയാറാണെന്ന് അറിയിച്ചു. ഉടന്‍ ഫോണിലേക്ക് ഒരു പേരും അക്കൗണ്ട് നമ്ബറും ഐ.എഫ്.എസ് കോഡും നല്‍കി ആ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പണം കിട്ടിയാല്‍ ഉടന്‍ ജോലിക്ക് തയാറുള്ള ആളുടെ നമ്ബര്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പണം അയക്കുന്നതിന് തൊട്ടുമുമ്ബ്, വിളിച്ച ആളുടെ തിരിച്ചറിയല്‍ കാര്‍ഡ് വീട്ടുകാര്‍ ആവശ്യപ്പെട്ടു. അതോടെ ഫോണ്‍കട്ടാവുകയും അടുത്ത സെക്കന്‍ഡില്‍ വാട്സ് ആപ്പ് ചാറ്റുകള്‍ മുഴുവന്‍ ഡിലീറ്റാവുകയും ചെയ്തു. എന്നാല്‍ ഫോണ്‍ കട്ടായ ഉടന്‍ വീട്ടുകാര്‍ വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോര്‍ട്ട് എടുത്ത് വെച്ചിരുന്നു. അതുപയോഗിച്ച്‌ ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. പരാതിയില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36175/digital-crime)