---
title: "സംസ്‌ഥാനത്ത്‌ സപ്ലൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ"
english_title: "vishu easter fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36173/vishu-easter-fair"
published_at: "2022-04-06T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d9a6a2f6da_vac.jpg"
keywords: []
---

# സംസ്‌ഥാനത്ത്‌ സപ്ലൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ

> **Lead Summary:** സംസ്‌ഥാനത്ത്‌ സപ്ലൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫെയറുകളുടെ സംസ്‌ഥാന തല ഉൽഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.

## Article Content

സംസ്‌ഥാനത്ത്‌ സപ്ലൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫെയറുകളുടെ സംസ്‌ഥാന തല ഉൽഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.

ഏപ്രിൽ 11 മുതൽ മെയ് 3 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുക.ഉൽസവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുക, ഗുണനിലവാരമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നഗരങ്ങളിൽ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപന ശാലകളുമാണ് പ്രവർത്തിക്കുക. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിന്റെ പേരിൽ വിലക്കയറ്റം സൃഷ്‌ടിക്കാൻ അനുവദിക്കില്ലെന്നും, സപ്ലൈകോ വിൽപന ശാലകളിലൂടെ ശബരി ഉൽപ്പന്നങ്ങളും സബ്‌സിഡി, നോൺ സബ്‌സിഡി സാധനങ്ങളും വിപണനം നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത്‌ ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകരിൽ നിന്നും ഒരേക്കറിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയർത്തി സപ്ളൈകോ ഉത്തരവ് പുറപ്പെടുവിച്ചു.

കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ്‌നാട്ടിൽ നിന്നും സംഭരിക്കുന്ന നെല്ല് കൂട്ടിക്കലർത്താനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്‌തമായ വിജിലൻസ് പരിശോധനക്ക് നിർദ്ദേശിച്ചതായും മന്ത്രി ജിആർ അനിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36173/vishu-easter-fair)