---
title: "ബസ് ചാര്‍ജ് വര്‍ധന വീണ്ടും പരിശോധിക്കുന്നു; ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാന്‍ നിര്‍ദേശം"
english_title: "bus charge related news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36169/bus-charge-related-news"
published_at: "2022-04-06T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d9873b33fd_cong.jpg"
keywords: []
---

# ബസ് ചാര്‍ജ് വര്‍ധന വീണ്ടും പരിശോധിക്കുന്നു; ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാന്‍ നിര്‍ദേശം

> **Lead Summary:** ബസ് ചാര്‍ജ് വര്‍ധന വീണ്ടും പരിശോധിക്കുന്നു. വിശദ പരിശോധനയ്ക്ക് ശേഷം ബസ് നിരക്ക് കൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചാല്‍ മതിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാനും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

## Article Content

ബസ് ചാര്‍ജ് വര്‍ധന വീണ്ടും പരിശോധിക്കുന്നു. വിശദ പരിശോധനയ്ക്ക് ശേഷം ബസ് നിരക്ക് കൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചാല്‍ മതിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാനും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഗതാഗത കമ്മിഷണര്‍ എം ആര്‍ അജിത്കുമാറും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് നിര്‍ദേശം. 2.5 കിലോമീറ്ററിന് 10 രൂപയെന്ന നിലവില്‍ പ്രഖ്യാപിച്ച മിനിമം നിരക്കില്‍ വ്യത്യാസമുണ്ടായേക്കില്ല. അതേ സമയം എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഇതും പുനഃപരിശോധിക്കണമെന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

2018 ല്‍ മിനിമം നിരക്ക് 5 കിലോമീറ്ററിന് 7 രൂപയായിരുന്നു. കോവിഡ് സമയത്ത് പകുതി സീറ്റുകളില്‍ മാത്രം യാത്ര അനുവദിച്ചപ്പോഴാണ് 2.5 കിലോമീറ്ററിന് 8 രൂപയായി മിനിമം നിരക്ക് പുതുക്കിയത്. ഇപ്പോള്‍ തീരുമാനിച്ച നിരക്ക് വര്‍ധന പ്രകാരം മിനിമം ദൂരം 2.5 കിലോമീറ്ററായി നിലനിര്‍ത്തുകയും അതിനുള്ള നിരക്ക് 8 രൂപയില്‍ നിന്നും 10 രൂപയാക്കുകയും ചെയ്തു.

പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് 90 പൈസയില്‍ നിന്ന് ഒരു രൂപയുമാക്കി. ഇതു പിന്നീടുള്ള ഓരോ ഫെയര്‍ സ്‌റ്റേജിലുമെത്തുമ്പോള്‍ വലിയ വര്‍ധനയ്ക്ക് കാരണമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫാസ്റ്റിലും സൂപ്പര്‍ ക്ലാസ് ബസുകളിലും ഇങ്ങനെ നിരക്ക് വര്‍ധന നടപ്പാക്കിയാല്‍ ജനത്തിനു താങ്ങാനാകില്ലെന്ന് ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടിയതോടെയാണ് ഫെയര്‍ സ്‌റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

കെഎസ്ആര്‍ടിസി തയാറാക്കിയ നിരക്ക് വര്‍ധനയുടെ ശുപാര്‍ശയും പുനഃക്രമീകരിക്കാന്‍ നിര്‍ദേശിച്ചു. ഈ പട്ടികയും ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധനയ്ക്കുള്ള ശുപാര്‍ശയും ഒരുമിച്ചാകും മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36169/bus-charge-related-news)