---
title: "'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ"
english_title: "V Kunjikrishnan says against KK Ragesh's statement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361098/v-kunjikrishnan-says-against-kk-rageshs-statement"
published_at: "2026-05-22T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a106d7da5ba0_Untitled-2-web.jpg"
keywords: []
---

# 'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

> **Lead Summary:** **കണ്ണൂർ:** നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ ന്യായീകരിക്കാനും നേതൃത്വത്തെ സംരക്ഷിക്കാനുമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന പ്രസ്താവന നടത്തിയതെന്ന് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. ഇതിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ അനുകൂലിച്ചത് തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ല എന്നതിന്റെ സൂചനയാണ്.ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണെന്നും വി.കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.

## Article Content

**കണ്ണൂർ:** നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ ന്യായീകരിക്കാനും നേതൃത്വത്തെ സംരക്ഷിക്കാനുമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന പ്രസ്താവന നടത്തിയതെന്ന് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. ഇതിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ അനുകൂലിച്ചത് തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ല എന്നതിന്റെ സൂചനയാണ്.ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണെന്നും വി.കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന് വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യത്തെ തിരിച്ചറിയാൻ സാധിക്കാതെ പോയി. പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കാണിക്കുന്നത്. ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തിൽ ധ്രുവീകരണം സൃഷ്‌ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ വ്യക്തമാണെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.തലകുനിച്ചും വിധേയപ്പെട്ടും ആജ്ഞാനുവർത്തികളായും ഒരു കാലത്തും ഈ നാട്ടിലെ ജനത നിന്നിട്ടില്ല. നിൽക്കുകയുമില്ല.

ആശയ വ്യക്തതയുള്ള മനുഷ്യരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിടിച്ച് നിർത്തിയത്. ആശയത്തിൽ വിശ്വസിക്കുന്ന ഈ മനുഷ്യർക്ക് സംഘടന ആശയത്തിന് മുകളിൽ കെട്ടിപ്പടുത്ത കേവല സംവിധാനം മാത്രമാണ്. അവർക്ക് സ്ഥാനങ്ങൾ അധികാര കേന്ദ്രങ്ങളല്ല, ഉത്തരവാദിത്തങ്ങൾ മാത്രമാണ്. ആ ഒരു തിരിച്ചറിവാണ് രാഗേഷിനും മറ്റ് സഖാക്കൾക്കും ഇല്ലാതെ പോയതെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഫേയ്സ്ബുക്കിലൂടെയായിരുന്നു കുഞ്ഞികൃഷ്ണ‌ന്റെ വിമർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361098/v-kunjikrishnan-says-against-kk-rageshs-statement)