---
title: "ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം;പിടിയിലായവർക്ക് പിന്നിലെ വമ്പൻ സ്രാവുകളെ പുറത്തുകൊണ്ടുവരണം: എസ്ഡിപിഐ"
english_title: "SDPI "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359416/sdpi"
published_at: "2026-05-14T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05bd448c92a_1000543624.jpg"
keywords: []
---

# ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം;പിടിയിലായവർക്ക് പിന്നിലെ വമ്പൻ സ്രാവുകളെ പുറത്തുകൊണ്ടുവരണം: എസ്ഡിപിഐ

> **Lead Summary:** ​തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടിയ സംഭവം നാടിനെ നടുക്കുന്നതാണെന്നും ലഹരി മാഫിയയുടെ കടന്നാക്രമണത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നമ്മുടെ യുവതയെയും കുടുംബ സമാധാനത്തെയും തകർക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾ തളിപ്പറമ്പിലും പരിസരങ്ങളിലും സജീവമാകുന്നത് അതീവ ഗൗരവകരമാണ്.

## Article Content

​തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടിയ സംഭവം നാടിനെ നടുക്കുന്നതാണെന്നും ലഹരി മാഫിയയുടെ കടന്നാക്രമണത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നമ്മുടെ യുവതയെയും കുടുംബ സമാധാനത്തെയും തകർക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾ തളിപ്പറമ്പിലും പരിസരങ്ങളിലും സജീവമാകുന്നത് അതീവ ഗൗരവകരമാണ്.

​പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ് എന്നുളളത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൗമാരപ്രായക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ വിനാശകരമായ പ്രവർത്തനങ്ങളുടെ തെളിവാണ് ഇതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. പിടിയിലായവർ വെറും കണ്ണികൾ മാത്രമാണ്. ഇവർക്ക് മാരക ലഹരിമരുന്നുകൾ എത്തിച്ചുനൽകുന്ന ഉറവിടങ്ങളെയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ സ്രാവുകളെയും കണ്ടെത്താൻ ബന്ധപ്പെട്ടവർ അന്വേഷണം ഊർജിതമാക്കണം.

​ലഹരിയുടെ കാണാച്ചരടുകളിൽ മക്കൾ കുടുങ്ങാതിരിക്കാൻ രക്ഷിതാക്കളും നാട്ടുകാരും അതീവ ജാഗ്രത പുലർത്തണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളേയും യുവതലമുറയെയും നശിപ്പിക്കുന്ന ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ എസ്.ഡി.പി.ഐ ശക്തമായി നിലകൊള്ളും. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിനുകൾ പാർട്ടി വരും ദിവസങ്ങളിലും സജീവമായി തുടരും. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനകീയ ജാഗ്രത അനിവാര്യമാണെന്നും ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359416/sdpi)