---
title: "വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി"
english_title: "Crime "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357782/crime"
published_at: "2026-05-06T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb6ecb157ba_1000355468.jpg"
keywords: []
---

# വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി

> **Lead Summary:** തളിപ്പറമ്പ്: റിട്ട.പോലീസുകാരനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്തതായി പരാതി.കടന്നപ്പള്ളി ചന്തപ്പുരയിലെ പ്രതിയോത്ത് വീട്ടില്‍ പി.നാരായണനാണ് തട്ടിപ്പിന് ഇരയായത്. മെയ്-3 ന് ഉച്ചക്ക് 1.10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

തളിപ്പറമ്പ്: റിട്ട.പോലീസുകാരനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്തതായി പരാതി.കടന്നപ്പള്ളി ചന്തപ്പുരയിലെ പ്രതിയോത്ത് വീട്ടില്‍ പി.നാരായണനാണ് തട്ടിപ്പിന് ഇരയായത്. മെയ്-3 ന് ഉച്ചക്ക് 1.10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നാരായണനും ഭാര്യയും മകളും പറശിനി മുത്തപ്പന്‍ മടപ്പുരയിലേക്ക് പോകാനായി ധര്‍മ്മശാലയില്‍ ബസിറങ്ങി പറശിനിയിലേക്ക് ബസ് കാത്തുനില്‍ക്കവെ അടുത്തുവന്ന് പരിചയപ്പെട്ട് സതീശനാണെന്ന് പരിചയപ്പെടുത്തിയ ആള്‍ നാരായണനോടൊപ്പം ജോലി ചെയ്തതായി പറഞ്ഞ് വിശ്വസിപ്പിച്ചു.കൂടെക്കൂടിയ ഇയാള്‍ ഇവരോടൊപ്പം പറശിനിക്കടവിലെത്തി, കുറേ നാളായില്ലേ കണ്ടിട്ട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ കുടുംബത്തെ മടപ്പുരയിലേക്ക് പറഞ്ഞയച്ച് നാരായണന്‍ ഇയാളോടൊപ്പം പോയി.

ഇരുവരും ബാറിലെത്തി മദ്യപിക്കുകയും നാരായണനെ ഓട്ടോറിക്ഷയില്‍ കയറ്റി ബസ്റ്റാന്റിന് സമീപത്തെ കിണറിനടുത്ത് ഇറക്കിവിട്ട് തട്ടിപ്പുകാരന്‍ രക്ഷപ്പെടുകയും ചെയ്തു.ഭാര്യയും മകളും കണ്ടെത്തുമ്പോള്‍ ഇയാള്‍ അവശനിലയിലായിരുന്നു. കയ്യിലുണ്ടായിരുന്ന പണവും ഒരു പവന്‍ മോതിരവും ഇതിനിടെ നഷ്ടപ്പെട്ടിരുന്നു.നേരത്തെ പയ്യാവൂരില്‍ ഭാസ്‌ക്കരന്‍ എന്ന നിലയില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി താഹ തന്നെയാണ് സതീശന്‍ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357782/crime)