---
title: "കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ"
english_title: "Dialysis center "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355608/dialysis-center"
published_at: "2026-04-26T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

> **Lead Summary:** **കമ്പിൽ : **കഴിഞ്ഞ നാല് വർഷത്തോളമായി കൊളച്ചേരി, മയ്യിൽ കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി ശയ്യാവലംബരായ രോഗികളെയും അപകടം, വാർദ്ധക്യം എന്നിവ കാരണം വീട്ടകങ്ങളിൽ ഒറ്റപ്പെട്ടു പോയവരേയും ജാതി, മത, രാഷ്ട്രീയ വ്യത്യാസമോ സമയ പരിധിയോ ഇല്ലാതെ പരിചരണം നൽകി വരുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആതുര ശുശ്രൂഷ രംഗത്ത് പുതിയ ഒരു സംരംഭത്തിനുള്ള ഒരുക്കത്തിലാണ്. 

## Article Content

**കമ്പിൽ : **കഴിഞ്ഞ നാല് വർഷത്തോളമായി കൊളച്ചേരി, മയ്യിൽ കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി ശയ്യാവലംബരായ രോഗികളെയും അപകടം, വാർദ്ധക്യം എന്നിവ കാരണം വീട്ടകങ്ങളിൽ ഒറ്റപ്പെട്ടു പോയവരേയും ജാതി, മത, രാഷ്ട്രീയ വ്യത്യാസമോ സമയ പരിധിയോ ഇല്ലാതെ പരിചരണം നൽകി വരുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആതുര ശുശ്രൂഷ രംഗത്ത് പുതിയ ഒരു സംരംഭത്തിനുള്ള ഒരുക്കത്തിലാണ്. 

PTH ആഭിമുഖ്യത്തിൽ കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ പ്രദേശത്ത് ആധുനിക സൗകര്യങ്ങളോടെ ഒരു ഡയാലിസിസ് സെൻറർ നിർമ്മാണം ആരംഭിക്കുകയാണ്. സംഘടനയുടെ ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി തൻ്റെ സ്വന്തം സ്ഥലത്ത് കൊളച്ചേരി മേഖല പി ടി എച്ചിന് വേണ്ടി സ്വന്തമായി നിർമ്മിച്ചു നൽകുന്ന ഡയാലിസിസ് സെൻ്ററിൻ്റെ ശിലാസ്ഥാപന കർമ്മം 2026 ഏപ്രിൽ 27 ന് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ദാലിൽ തങ്ങൾ റോഡ് ബസ്റ്റോപിന് സമീപം വെച്ച് നടക്കുന്ന ചടങ്ങിൽ നിർവഹിക്കപ്പെടുകയാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവഹിക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി, പി ടി എച്ച് കേരള ചീഫ് ഫങ്ങ്ഷണൽ ഓഫീസർ ഡോക്ടർ എം എ അമീറലി, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ, മഹ്മൂദ് അള്ളാംകുളം, അൻസാരി തില്ലങ്കേരി തുടങ്ങി സാമൂഹ്യ, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പ്രവാസി വ്യവസായി മുസ്തഫ മുള്ളിക്കോട്ട് സംഭാവന ചെയ്ത 50 സെൻ്റ് സ്ഥലത്ത് നിർമ്മാണം ആരംഭിക്കുന്ന കൊളച്ചേരി മേഖല പി ടി എച്ചിൻ്റെ മറ്റൊരു സ്വപ്ന പദ്ധതിയായ പീസ് വാലി യുടെ സാങ്കേതിക അനുമതികൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ നടന്നു വരികയാണ്. വിശ്രമ ജീവിതം നയിക്കുന്ന വയോധികർക്ക് ഏറെ മെച്ചപ്പെട്ട സൗകര്യങ്ങളോടെയും സന്തോഷത്തോടെയും താമസിക്കാനുള്ള സമാധാനത്തിൻ്റെ താഴ്‌വര എന്ന പേരിലുള്ള റസിഡൻഷ്യൽ സ്ഥാപനം കൂടി പൂർത്തിയാവുന്നതോടെ PTH കൊളച്ചേരി മേഖലയുടെ പ്രവർത്തന നേട്ടങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തും.

പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡൻ്റ് കോടിപ്പൊയിൽ മുസ്തഫ, ജനറൽ സെക്രട്ടറി വി. പി അബ്‌ദുൽ സമദ് ഹാജി, വൈസ് പ്രസിഡൻ്റ് എം അബ്ദുൽ അസിസ്, സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പളളി, മൻസൂർ പാമ്പുരുത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355608/dialysis-center)