---
title: "മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്"
english_title: "Warning against false propaganda related to heat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353130/warning-against-false-propaganda-related-to-heat"
published_at: "2026-04-13T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc9b57a8b4c_Untitled-2-web.jpg"
keywords: []
---

# മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. ചൂടിനെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പശ്ചാത്തലത്തിലാണിത്. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ 45°C മുതൽ 55°C വരെ ചൂട് ഉയരുമെന്ന സന്ദേശം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. ചൂടിനെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പശ്ചാത്തലത്തിലാണിത്. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ 45°C മുതൽ 55°C വരെ ചൂട് ഉയരുമെന്ന സന്ദേശം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

'മൊബൈല്‍ പൊട്ടിത്തെറിക്കും, ഇന്ധന ടാങ്ക് നിറയ്ക്കരുത്' തുടങ്ങിയ നിര്‍ദേശങ്ങളും അടിസ്ഥാനരഹിതമാണ്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലെ പ്രചാരണം തെറ്റാണ്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന പ്രത്യേക വകുപ്പ് ഇല്ല. സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധ സേന മാത്രമാണ്. ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്ക് കെഎസ്ഡിഎംഎ വെബ്‌സൈറ്റ് പരിശോധിക്കണം.

അതേസമയം, സംസ്ഥാനത്ത ചൂട് കൂടുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന നിബന്ധനകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.*തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353130/warning-against-false-propaganda-related-to-heat)