---
title: "പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ"
english_title: "Kunji Muhammed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353036/kunji-muhammed"
published_at: "2026-04-12T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbcb5494fae_1000467227.jpg"
keywords: []
---

# പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

> **Lead Summary:** **കണ്ണൂർ: **അന്തരിച്ച മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും നഗരസഭ മുൻ ചെയർമാനുമായ പി. കുഞ്ഞിമുഹമ്മദിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക-രാഷ്ട്രീയ കേരളം. പതിറ്റാണ്ടുകളോളം കണ്ണൂരിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് അന്ത്യാപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ചിറക്കൽക്കുളത്തെ വസതിയിലേക്ക് ഒഴുകിയെത്തി.

## Article Content

**കണ്ണൂർ: **അന്തരിച്ച മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും നഗരസഭ മുൻ ചെയർമാനുമായ പി. കുഞ്ഞിമുഹമ്മദിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക-രാഷ്ട്രീയ കേരളം. പതിറ്റാണ്ടുകളോളം കണ്ണൂരിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് അന്ത്യാപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ചിറക്കൽക്കുളത്തെ വസതിയിലേക്ക് ഒഴുകിയെത്തി.

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ എന്നിവർ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

രാഷ്ട്രീയ ഭേദമന്യേയുള്ള നേതാക്കളുടെ നിരയാണ് അദ്ദേഹത്തെ കാണാൻ എത്തിയത്. എം.എൽ.എ സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, സി.പി.എം നേതാവ് പി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാജേഷ്, കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, യുവജന ക്ഷേമ ബോർഡ് മെമ്പർ എം. ഷാജർ, ജനതാദൾ നേതാവ് പി.പി ദീവാകരൻ, മുൻ എം.എൽ.എ എ.ഡി മുസ്തഫ തുടങ്ങി നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി സഹദുള്ള, ട്രഷറർ മുഹമ്മദ് കടവത്തൂർ, പി.കെ അബ്ദുല്ല ഹാജി, അബ്ദുറഹിമാൻ കല്ലായി തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

പൊന്നാനി സ്വദേശിയായ ഇദ്ദേഹം കണ്ണൂർ ദീനുൽ ഇസ്ലാം സഭ മാനേജറായി എത്തിയതോടെയാണ് കണ്ണൂരിൽ സ്ഥിരതാമസമാക്കിയത്. ചിറക്കൽകുളം വാർഡിൽ നിന്നും തുടർച്ചയായി 25 വർഷത്തോളം കണ്ണൂർ നഗരസഭ കൗൺസിലറായിരുന്ന അദ്ദേഹം, കണ്ണൂർ മുൻസിപ്പാലിറ്റിയുടെ ആക്ടിങ് ചെയർമാനായും പിന്നീട് ചെയർമാനായും മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ യൂത്ത് ലീഗിന്റെ പ്രഥമ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കണ്ണൂരിന്റെ പൊതുസമൂഹത്തിന് വലിയൊരു തീരാനഷ്ടമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353036/kunji-muhammed)