---
title: "കോൺഗ്രസ്‌ ഗ്യാരണ്ടി വിശ്വസിക്കാനാവില്ല:പ്രകാശ്‌കാരാട്ട്‌, എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു"
english_title: "prakash karatt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351774/prakash-karatt"
published_at: "2026-04-06T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d32cad3e649_news-card.jpg"
keywords: []
---

# കോൺഗ്രസ്‌ ഗ്യാരണ്ടി വിശ്വസിക്കാനാവില്ല:പ്രകാശ്‌കാരാട്ട്‌, എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണപുരം:**കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ ഗ്യാരണ്ടികളൊന്നും വിശ്വസിക്കാനാവില്ലെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ആദ്യമായി ഗ്യാരണ്ടി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്‌. പ്രഖ്യാപിച്ച ഗ്യാരണ്ടി ഇനത്തിൽ 62,500 രൂപ സ്‌ത്രീകൾക്ക്‌ കുടിശികയാക്കിയ തെലങ്കാന മുഖ്യമന്ത്രിയാണ്‌ കേരളത്തിലെ ഗ്യാരണ്ടിയടങ്ങിയ യുഡിഎഫ്‌ പ്രകടന പത്രിക പുറത്തിറക്കിയതെന്നും പ്രകാശ്‌കാരാട്ട്‌ പറഞ്ഞു. ചെറുകുന്ന്‌തറക്ക് സമീപം സംഘടിപ്പിച്ച എൽഡിഎഫ്‌ കല്യാശേരി മണ്ഡലം തെരഞ്ഞെടുപ്പ്‌ റാലിയിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.

## Article Content

**കണ്ണപുരം:**കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ ഗ്യാരണ്ടികളൊന്നും വിശ്വസിക്കാനാവില്ലെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ആദ്യമായി ഗ്യാരണ്ടി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്‌. പ്രഖ്യാപിച്ച ഗ്യാരണ്ടി ഇനത്തിൽ 62,500 രൂപ സ്‌ത്രീകൾക്ക്‌ കുടിശികയാക്കിയ തെലങ്കാന മുഖ്യമന്ത്രിയാണ്‌ കേരളത്തിലെ ഗ്യാരണ്ടിയടങ്ങിയ യുഡിഎഫ്‌ പ്രകടന പത്രിക പുറത്തിറക്കിയതെന്നും പ്രകാശ്‌കാരാട്ട്‌ പറഞ്ഞു. ചെറുകുന്ന്‌തറക്ക് സമീപം സംഘടിപ്പിച്ച എൽഡിഎഫ്‌ കല്യാശേരി മണ്ഡലം തെരഞ്ഞെടുപ്പ്‌ റാലിയിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.

ആറ്‌ ഗ്യാരണ്ടിയാണ്‌ തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രഖ്യാപിച്ചത്‌. കുടുംബത്തിലെ ഒരു സ്‌ത്രീക്ക്‌ മാസം 2500 രൂപയായിരുന്നു അതിലൊന്ന്‌. സ്‌ത്രീകൾ വലിയ സന്തോഷത്തിലാണ്‌ വോട്ട്‌ ചെയ്‌തത്‌. 25മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കൊടുത്തില്ല. ഇതാണ്‌ കോൺഗ്രസ്‌ ഗ്യാരണ്ടിയുടെ അവസ്ഥ. കേരളത്തിലെ കോൺഗ്രസ്‌ ഗ്യാരണ്ടിയും തെലങ്കാനയിലേത്‌ പോലെയാവും. ബദൽ നയങ്ങളും ക്ഷേമ–വികസന കാഴ്‌ചപ്പാടുമാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക മുന്നോട്ട്‌ വെക്കുന്നത്‌.

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം മനസ്സിലാക്കാതെയാണ്‌ രാഹുൽ ഗാന്ധി സിപിഐ എം–ബിജെപി ഡീൽ ആരോപണം ഉന്നയിക്കുന്നത്‌. വാസ്‌തവവിരുദ്ധമായ പ്രചാരവേലയാണ്‌ തുടരെ നടത്തുന്നത്‌. കേരളത്തിൽ ആർഎസ്‌എസ്‌–ബിജെപി മുന്നേറ്റത്തെ തടയുന്നത്‌ സിപിഐ എമ്മിന്റെ സാന്നിധ്യമാണ്‌. സംഘ്‌പരിവാർ രാഷ്‌ട്രീയത്തെ പ്രതിരോധിച്ച നൂറ്‌ കണക്കിന്‌ സഖാക്കളെയാണ്‌ അവർ കൊലപ്പെടുത്തിയത്‌. കമ്യൂണിസ്‌റ്റ്‌ നേതാവായ പിണറായിവിജയനെയും ആർഎസ്‌എസ്‌ പ്രചാരകായ മോഡിയെയും രാഹുൽ ഗാന്ധി തുലനം ചെയ്യുന്നതും ചരിത്രബോധമില്ലാത്തതിനാലാണ്‌. വിവരക്കേടാണ്‌ രാഹുൽ ഗാന്ധിവിളിച്ചുപറയുന്നത്‌.

കോൺഗ്രസ്‌ ഉപമുഖ്യമന്ത്രിയായിരുന്ന ഹിമന്ദ്‌ ബിശ്വശർമയാണ്‌ ആസാമിൽ ബിജെപി മുഖ്യമന്ത്രി. കോൺഗ്രസ്‌ മന്ത്രിസഭയിലെ മൂന്ന്‌ പേർ ബിജെപി സർക്കാറിലും മന്ത്രിമാരാണ്‌. മൂന്ന്‌ മുൻപിസിസി പ്രസിഡന്റുമാർ ബിജെപിയിലെത്തി. ആസാമിൽ കോൺഗ്രസ്‌ –ബിജെപി ഡീൽ എന്ന്‌ രാഹുൽ ഗാന്ധി പറയുമോ. ബിജെപിയിലേക്ക്‌ ആളെ സപ്ലൈ ചെയ്യുന്ന പാർടിയാണ്‌ കോൺഗ്രസ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷനും കേന്ദ്രസർക്കാറും ചേർന്ന്‌ നടപ്പാക്കിയ തീവ്രവോട്ടർപരിഷ്‌കരണം പിണറായി വിജയനും എൽഡിഎഫും നടപ്പാക്കിയതാണെന്ന്‌ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരാണ്‌ യുഡിഎഫ്‌. വർഗീയ കലാപങ്ങളില്ലാത്ത നാടാക്കി കേരളത്തെ നിലനിർത്താൻ എൽഡിഎഫ്‌ തുടർന്നും അധികാരത്തിലെത്തണം –പ്രകാശ്‌ കരാട്ട്‌ പറഞ്ഞു.

പി വി ബാബു രാജേന്ദ്രൻ അധ്യക്ഷനായി, സ്ഥാനാർഥി എം വിജിൻ,ജെയ്ക്, സി തോമസ്, ടി വി രാജേഷ്,എൻ സുകന്യ, പി ഗോവിന്ദൻ, അഡ്വ.എ വി അജയൻ, സന്തോഷ് സി ബി കെ എന്നിവർ സംസാരിച്ചു. കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351774/prakash-karatt)