---
title: "പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 'വാര്‍ റൂം'; 10 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല"
english_title: "Cooking gas crisis: 24-hour 'war room' in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350122/cooking-gas-crisis-24-hour-war-room-in-the-state"
published_at: "2026-03-27T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c69fad2c9c2_Untitled-2-web.jpg"
keywords: []
---

# പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 'വാര്‍ റൂം'; 10 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല

> **Lead Summary:** **തിരുവനന്തപുരം:** പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധിയിലേക്കെന്ന ആശങ്ക നിലനില്‍ക്കവെ സംസ്ഥാനത്ത് 'എല്‍പിജി വാർ റൂം' സംവിധാനം സജ്ജമാക്കി സംസ്ഥാന സർക്കാർ.സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച്‌ 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വാർ റൂം പ്രവർത്തിക്കുക.

## Article Content

**തിരുവനന്തപുരം:** പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധിയിലേക്കെന്ന ആശങ്ക നിലനില്‍ക്കവെ സംസ്ഥാനത്ത് 'എല്‍പിജി വാർ റൂം' സംവിധാനം സജ്ജമാക്കി സംസ്ഥാന സർക്കാർ.സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച്‌ 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വാർ റൂം പ്രവർത്തിക്കുക.

24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് എല്‍പിജി വാർ റൂം പ്രവർത്തിക്കുക. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. എല്‍പിജിയുടെ ആവശ്യകത കണക്കിലെടുത്ത് നടക്കാൻ സാധ്യതയുള്ള പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ തടയാൻ കർശന നടപടിയുണ്ടാകും.

സിലിണ്ടറുകളിലെ തൂക്കക്കുറവ് പരിശോധിക്കാനും പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതല വാർ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തില്‍ ജില്ലാതല വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ പാചകവാതക വിതരണത്തില്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടർ പ്രതിസന്ധി അടുക്കളകളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടല്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350122/cooking-gas-crisis-24-hour-war-room-in-the-state)