---
title: "പട്ടി കടിയേറ്റവർക്ക് കുത്തിവെക്കുന്ന ആന്റി റാബിസ് സിറം കണ്ണൂർ ജില്ലയിൽ കിട്ടാനില്ല"
english_title: "Anti rabies serum for dog bites is not available"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34367/anti-rabies-serum-for-dog-bites-is-not-available"
published_at: "2022-03-28T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62415e7e11ec0_vac.jpg"
keywords: []
---

# പട്ടി കടിയേറ്റവർക്ക് കുത്തിവെക്കുന്ന ആന്റി റാബിസ് സിറം കണ്ണൂർ ജില്ലയിൽ കിട്ടാനില്ല

> **Lead Summary:** പട്ടി കടിയേറ്റവർക്ക്‌ കുത്തിവെക്കുന്ന ആന്റി റാബീസ് സിറം കിട്ടാനില്ല. പേവിഷബാധ തടയാനുള്ള കുത്തിവെപ്പിന് കണ്ണൂർ-കാസർകോട് ജില്ലകളിലുള്ളവർ നെട്ടോട്ടത്തിൽ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കേളേജിൽ ഉൾപ്പെടെ എ.ആർ.എസ്. സ്റ്റോക്കില്ല. സ്വകാര്യ ആസ്പത്രികളിൽനിന്നും മറ്റുമായി വലിയ വില കൊടുത്ത് ആവശ്യക്കാർ കുത്തിവെക്കുന്നു.

## Article Content

പട്ടി കടിയേറ്റവർക്ക്‌ കുത്തിവെക്കുന്ന ആന്റി റാബീസ് സിറം കിട്ടാനില്ല. പേവിഷബാധ തടയാനുള്ള കുത്തിവെപ്പിന് കണ്ണൂർ-കാസർകോട് ജില്ലകളിലുള്ളവർ നെട്ടോട്ടത്തിൽ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കേളേജിൽ ഉൾപ്പെടെ എ.ആർ.എസ്. സ്റ്റോക്കില്ല. സ്വകാര്യ ആസ്പത്രികളിൽനിന്നും മറ്റുമായി വലിയ വില കൊടുത്ത് ആവശ്യക്കാർ കുത്തിവെക്കുന്നു.

പട്ടി കടിച്ചാൽ മുറിവിൽ കുത്തിവെക്കുന്നതാണ് ആന്റി റാബീസ് സിറം. വേഗത്തിൽ പ്രതിരോധശേഷി കിട്ടാനിത് സഹായിക്കും. നാലുതവണയായി നൽകുന്ന ഐ.ഡി.ആർ.വി. (ഇൻട്രാ ഡെർമിനൽ റാബീസ് വാക്സിൻ) ഉണ്ട്. വാക്സിൻഫലം ദീർഘകാലം കിട്ടുമെങ്കിലും പ്രതിരോധശേഷി ഉണ്ടാകാൻ എട്ടു പത്ത്‌ ദിവസമെടുക്കും.

റിസ്‌ക് ഒഴിവാക്കാൻ ഡോക്ടർമാർ എ.ആർ.എസും നിർദേശിക്കാറുണ്ട്. അരവഞ്ചാൽ സ്വദേശിയെ കഴിഞ്ഞ ദിവസം പട്ടി കടിച്ചിരുന്നു. പെരിങ്ങോത്തുനിന്ന് ഐ.ഡി.ആർ.വി. എടുത്തു. എന്നാൽ, കടിയുടെ അവസ്ഥ കാരണം എ.ആർ.എസ് കുത്തിവെക്കാൻ നിർദേശിച്ചു. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ മരുന്ന് കിട്ടാനില്ല.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഫാർമസിയിൽ സൗജന്യ മരുന്നില്ലെന്ന മറുപടിയാണ് കിട്ടിയത്. പിന്നീട്, പരിയാരത്തെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് സൊസൈറ്റി നടത്തുന്ന ഫാർമസിയിൽനിന്ന് വിലകൊടുത്തു വാങ്ങിയാണ് മരുന്ന് കുത്തിവെച്ചത്. ജില്ലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആസ്പത്രി, തലശ്ശേരി ജനറൽ ആസ്പത്രി എന്നിവിടങ്ങളിൽ എ.ആർ.എസ്. കിട്ടാനില്ല.

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസർകോട് ജനറൽ ആസ്പത്രിയിലും മരുന്നില്ല. ഇവിടെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റി പുറത്തുനിന്ന് വില കൊടുത്ത് മരുന്ന്‌ വാങ്ങുകയാണ് ഇപ്പോൾ. 200 എണ്ണം വീതമാണ് ഓർഡർ നൽകിയത്. മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ ആസ്പത്രികൾ വഴിയാണ് എ.ആർ.എസ്. നൽകുന്നത്. ഐ.ഡി.ആർ.വി. സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വഴി നൽകും. ജനുവരിയിൽ സംസ്ഥാനത്തൊട്ടാകെ ക്ഷാമം നേരിട്ടെങ്കിലും മരുന്ന് എത്തിച്ച് കെ.എം.എസ്.സി.എൽ. പ്രശ്നം പരിഹരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34367/anti-rabies-serum-for-dog-bites-is-not-available)