---
title: "അഴീക്കോട് കച്ചേരിപ്പാറ ജലസംഭരണി ആദ്യം പൊളിക്കും: പിന്നെ പണിയും, പുതിയ ജയസംഭരണി നിർമ്മിക്കാൻ മൂന്നരക്കോടി"
english_title: "Azheekod water tank "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343577/azheekod-water-tank"
published_at: "2026-02-22T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b0dff8491a_1000350483.jpg"
keywords: []
---

# അഴീക്കോട് കച്ചേരിപ്പാറ ജലസംഭരണി ആദ്യം പൊളിക്കും: പിന്നെ പണിയും, പുതിയ ജയസംഭരണി നിർമ്മിക്കാൻ മൂന്നരക്കോടി

> **Lead Summary:** **അഴിക്കോട് :**അഴീക്കോട് കച്ചേരിപ്പാറയിൽ കേരള ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. കോൺക്രീറ്റ് തൂണുകൾ പഴകി അടർന്നു വീഴുന്നതും, കമ്പികൾ പുറത്തേക്ക് തെളിഞ്ഞതും, ടാങ്കിൽ വ്യാപകമായ ചോർച്ചയും ഉണ്ടായതോടെ പരിസരവാസികൾക്ക് ഇത് ഗുരുതര ഭീഷണിയായിത്തീർന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് സംഭരണി പൊളിക്കാൻ തീരുമാനമെടുത്തത്.

## Article Content

**അഴിക്കോട് :**അഴീക്കോട് കച്ചേരിപ്പാറയിൽ കേരള ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. കോൺക്രീറ്റ് തൂണുകൾ പഴകി അടർന്നു വീഴുന്നതും, കമ്പികൾ പുറത്തേക്ക് തെളിഞ്ഞതും, ടാങ്കിൽ വ്യാപകമായ ചോർച്ചയും ഉണ്ടായതോടെ പരിസരവാസികൾക്ക് ഇത് ഗുരുതര ഭീഷണിയായിത്തീർന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് സംഭരണി പൊളിക്കാൻ തീരുമാനമെടുത്തത്.

2008-ൽ 13 ലക്ഷം ലിറ്റർ ശേഷിയോടെ, കച്ചേരിപ്പാറ മൃഗാശുപത്രിക്ക് സമീപം പഞ്ചായത്ത് അനുവദിച്ച നാല് സെന്റ് സ്ഥലത്താണ് ജലസംഭരണി നിർമിച്ചത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന വലിയ പ്രതീക്ഷയോടെയായിരുന്നു പദ്ധതി. എന്നാൽ നിർമാണം പൂർത്തിയാക്കി 2013-ൽ ജലം സംഭരിക്കാൻ ആരംഭിച്ചപ്പോഴുതന്നെ വിവിധ സാങ്കേതിക തകരാറുകൾ പ്രകടമായി.

താഴ്ന്ന സംഭരണിയിൽ നിന്നു ചാലാട് ചക്കാട്ടിൽപീടിക ഭൂഗർഭ സംഭരണിയിലേക്കും അവിടെനിന്ന് ചാലാട്–അലവിൽ മെയിൻ റോഡരികിലൂടെ മൺകുഴൽ ഉപയോഗിച്ചുമാണ് 20 മീറ്റർ ഉയരവും അത്രതന്നെ വീതിയുമുള്ള കച്ചേരിപ്പാറ ടാങ്കിലേക്കു ജലം എത്തിച്ചിരുന്നത്. ജലം പമ്പ് ചെയ്യുന്നതിനിടെ മൺകുഴലുകൾ പൊട്ടിത്തകർന്നതായും, പിന്നീട് ചില ഭാഗങ്ങളിൽ പി.വി.സി. കുഴലുകൾ ഉപയോഗിച്ചതായും നാട്ടുകാർ പറയുന്നു.

> ക്രമേണ ടാങ്കിൽ നിന്ന് ജലം നിലനിൽക്കാത്ത വിധം ചോർച്ച രൂക്ഷമായി. കോൺക്രീറ്റ് തൂണുകളിൽ നിന്നും സിമൻ്റ് പൊട്ടി വീഴുകയും ഇരുമ്പ് കമ്പികൾ പുറത്തേക്ക് കാണപ്പെടുകയും ചെയ്തതോടെ, ടാങ്ക് “ജലബോംബായി” മാറുമോയെന്ന ഭീതിയിൽ പരിസരവാസികൾ ആശങ്കയിലായി. ഇതോടെയാണ് ജലം സംഭരിക്കുന്നത് പൂർണ്ണമായും നിർത്തിവെച്ചത്.

വർഷങ്ങളോളം ഉപയോഗമില്ലാതെ കിടന്നതോടെ സംഭരണി കൂടുതൽ അപകടാവസ്ഥയിലായി. ശാസ്ത്രീയമായി പുതുക്കിപ്പണിയാൻ സാധ്യമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ അനുമതി നൽകിയതെന്നാണ് വാട്ടർ അതോറിറ്റി സൂചിപ്പിക്കുന്നത്.

അഴിമതിയാരോപണങ്ങളും ശക്തം

2008-ൽ നിർമിച്ച ഒരു ജലസംഭരണി കേവലം 18 വർഷത്തിനുള്ളിൽ പൊളിക്കേണ്ടിവന്നത് ഗുരുതരമായ നിർമ്മാണ വീഴ്ചയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന ആക്ഷേപം ശക്തമാണ്. ജില്ലയിൽ ഇതിലും പഴക്കമുള്ള നിരവധി ജലസംഭരണികൾ ഇപ്പോഴും സുരക്ഷിതമായി നിലനിൽക്കുമ്പോൾ, അഴീക്കോടെയിലെ ടാങ്ക് തകർന്നത് അന്നത്തെ കരാറുകാരുടെയും എഞ്ചിനീയർമാരുടെയും അനാസ്ഥ മൂലമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിലൂടെ ജനങ്ങളുടെ നികുതിപ്പണം പാഴായെന്ന വിമർശനവും വ്യാപകമാണ്.

പൊളിക്കൽ ചെലവ് 40 ലക്ഷം.നിലവിലെ ജലസംഭരണി പൊളിച്ചുനീക്കാൻ ഏകദേശം 40 ലക്ഷം രൂപ ചെലവാകുമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനി അറിയിച്ചത്. ആലപ്പുഴ ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് പൊളിക്കൽ പ്രവൃത്തിയും പുതിയ സംഭരണി നിർമാണവും ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസത്തിനകം പൊളിക്കൽ പൂർത്തിയാക്കാനാണ് നിർദേശം.പൊളിക്കൽ സമയത്ത് കോൺക്രീറ്റ് പൊടി പരിസരത്ത് പടരാതിരിക്കാൻ താർപോളിൻ ഷീറ്റുകൾ ഉപയോഗിച്ച് ഒരു ഭാഗം മാത്രം മറച്ചാണ് പ്രവർത്തനം. റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പുതിയ ജലസംഭരണിക്ക് 3.5 കോടി നിലവിലെ സംഭരണി പൊളിച്ചുനീക്കി അതേ സ്ഥലത്ത് പുതിയ ആധുനിക ജലസംഭരണി നിർമിക്കാൻ 3.5 കോടി രൂപ അനുവദിച്ചതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു. പൊളിക്കൽ പ്രവൃത്തിയും പുതിയ നിർമാണവും ഒരേ കരാറിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343577/azheekod-water-tank)