---
title: "എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍"
english_title: "sslc plus two exam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34195/sslc-plus-two-exam"
published_at: "2022-03-27T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240068c6e3ba_sivankutty.jpg"
keywords: []
---

# എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍

> **Lead Summary:** എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍.

## Article Content

എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍.

പരീക്ഷാ തയാറെടുപ്പ് അധ്യാപക സംഘടനകളുമായും അനധ്യാപക സംഘടനകളുമായും ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡി.ഡി.മാര്‍, ആര്‍.ഡി.ഡി. മാര്‍, എ.ഡി.മാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തണം.

പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തല്‍ നടത്തേണ്ടത്. ഫയലുകള്‍ തീര്‍പ്പാക്കല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പരീക്ഷാ ഭവന്‍, സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വെവ്വേറെ വിളിച്ചു ചേര്‍ത്തു. ഓരോ വിഭാഗത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്തു.

മെയ്, ജൂണ്‍ മാസങ്ങളില്‍ അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലെയും ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി.



പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ കെട്ടിക്കിടന്നിരുന്ന പതിനയ്യായിരത്തിലധികം ഫയലുകളില്‍ 46 ശതമാനം ഇതിനകം തീര്‍പ്പാക്കി.

സെക്രട്ടറിയേറ്റില്‍ ഒരു മാസത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ഫയലുകളുടെ എണ്ണം പതിനയ്യായിരത്തി അറുന്നൂറ്റി മുപ്പത്തിയൊമ്പത് ആണ്. ഈ ഫയലുകള്‍ ഏപ്രില്‍ 30 നകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാഭവനില്‍ ആകെ കെട്ടിക്കിടക്കുന്നത് നാന്നൂറ്റി അറുപത്തിയൊന്ന് ഫയലുകളാണ്. ഇവ മെയ് 5 ന് അദാലത്ത് നടത്തി തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഔദ്യോഗികമായി മറ്റു ചുമതലകള്‍ക്ക് പോയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓഫീസിന് പുറത്ത് നോട്ടീസ് ബോര്‍ഡില്‍ നല്‍കും. അനുബന്ധമായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് ആര്‍.ഡി.ഡി. ഓഫീസുകള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടേറ്റ് എന്നിവിടങ്ങളിലെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34195/sslc-plus-two-exam)