---
title: "കണ്ണൂർ പുഷ്പോത്സവത്തിന് തുടക്കമായി, കഥാകാരൻ ടി പത്മനാഭൻ തിരി തെളിച്ചു"
english_title: "Kannur Flower Festival begins"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337760/kannur-flower-festival-begins"
published_at: "2026-01-22T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697251628631d_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ പുഷ്പോത്സവത്തിന് തുടക്കമായി, കഥാകാരൻ ടി പത്മനാഭൻ തിരി തെളിച്ചു

> **Lead Summary:** **കണ്ണൂർ:** പൂക്കളുടെ വസന്തത്തിലേക്ക് മിഴിതുറന്ന് കണ്ണൂർ. പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പുഷ്‌ വേത്സവത്തിന് മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭൻ തിരി തെളിച്ചു. ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നു വരെയാണ് പുഷ്‌പോത്സവം.

## Article Content

**കണ്ണൂർ:** പൂക്കളുടെ വസന്തത്തിലേക്ക് മിഴിതുറന്ന് കണ്ണൂർ. പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പുഷ്‌ വേത്സവത്തിന് മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭൻ തിരി തെളിച്ചു. ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നു വരെയാണ് പുഷ്‌പോത്സവം.

കേരളത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നഴ്സറി സ്റ്റാളുകളിൽ വൈവിധ്യമാർന്ന ചെടികളും മറ്റു നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും കൂടാതെ ജൈവവളം, മൺപാത്രങ്ങൾ എന്നിവയുടെ സ്റ്റാളുകളും പുഷ്പോത്സവ നഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കൊണ്ടുവന്ന പൂക്കളും ചെടികളും ചേർത്ത് 12,000 ചതുരശ്ര അടിയിൽ ഒരുക്കിയ വർണോദ്യാനം പുഷ്പോത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ ഘടകമാണ്.

സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, റെയ്ഡ്കോ എന്നിവയുടെ പവലിയനുകളും പുഷ്‌പോത്സവനഗരിയിൽ ഉണ്ട്. സന്ദർശകരുടെ സൗകര്യാർഥം രുചികരമായ വിഭവങ്ങൾ ലഭിക്കുന്നതിനുള്ള ഫുഡ് കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കും പുഷ്പോത്സവ നഗരിയിലുണ്ട്.

പുഷ്പാലങ്കാര ക്ലാസുകൾ, വെജിറ്റബിൾ കാർവിംഗ് ക്ലാസുകൾ, പാചകം, സലാഡ് അറേഞ്ച്‌മെന്റ്, മൈലാഞ്ചിയിടൽ, ഓലമെടയൽ, കൊട്ടമടയൽ, പുഷ്പറാണി, പുഷ്പരാജ മത്സരങ്ങൾ, പുഞ്ചിരി മത്സരം, കാർഷിക ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി, വാട്‌സ്ആപ് സ്റ്റാറ്റസ് മത്സരങ്ങൾ, ഫാബ്രിക് പെയിന്റിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച നഴ്‌സറി ഡിസ്‌പ്ലേ തയ്യാറാക്കുന്ന സ്റ്റാൾ ഉടമകൾക്ക് പ്രത്യേക സമ്മാനവും നൽകും. സെമിനാറുകൾ, ക്ലാസുകൾ, ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ, വനിതാ കർഷക സംഗമം, ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ സാന്ത്വനസംഗമം, ബഡ്സ് സ്‌കൂൾ കലോത്സവം, കുട്ടി കർഷക സംഗമം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

70 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്.ഉദ്ഘാടന ചടങ്ങിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ മുഖ്യതിഥിയായി. സംസ്ഥാന കാർഷിക അവാർഡ് ജേതാവ് എൻ വി രാഹുലിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് തുളസി ചെങ്ങാട്ട് അവാർഡ് നേതാവിനെ പരിചയപ്പെടുത്തി. അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, കോർപ്പറേഷൻ കൗൺസിലർ ഡോ. കെ. സി. വത്സല, സംഘാടക സമിതി ജനറൽ കൺവീനർ പി വി രത്നാകരൻ എന്നിവർ സംസാരിച്ചു.

ഫെബ്രുവരി മൂന്നിന് വൈകീട്ട് നടക്കുന്ന സമാപന പരിപാടി മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനാകും. സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് മുഖ്യാതിഥിയാകും. മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337760/kannur-flower-festival-begins)